കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പവാറിന്റെ വസതിയില്‍; ആത്മവിശ്വാസത്തില്‍ ബിജെപി
ദില്ലി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ദില്ലിയിലെ ശരദ് പവാറിന്റെ വസതിയിലെത്തിയാണ് ചര്‍ച്ച. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, ജയറാം രമേശ്, കെസി വേണുഗോപാല്‍, ബാലാസാഹിബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്, നസീം ഖാന് എന്നിവരാണ് എന്‍സിപി അധ്യക്ഷന്‍ പവാറുമായി ചര്‍ച്ച നടത്തുന്നത്.
ഈ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പവാറിന്റെ വീട്ടിലെത്തിയത്. അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് നാരായണ്‍ റാണെ പറഞ്ഞു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഒരുമാസമായി അവരുടെ നീക്കങ്ങള്‍ കാണുന്നു. ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്നും റാണെ പറഞ്ഞു.
ബിജെപി കളി തുടങ്ങി!! ശിവസേനയില്‍ പൊട്ടിത്തെറി; കലാപമുയര്‍ത്തി 17 എംഎല്‍എമാര്‍, റിസോര്‍ട്ടിലേക്ക്...
അതേസമയം, എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ചേര്‍ന്ന് സര്ക്കാരുണ്ടാക്കുന്നതിനെതിരെ ശിവസേനയിലെ 17 എംഎല്‍എമാര്‍ രംഗത്തുവന്നു. ഇവര്‍ ഉദ്ധവ് താക്കറെയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിലെത്തി. എന്നാല്‍ ഉദ്ധവിനെ കാണാന്‍ സാധിച്ചില്ല. മുതിര്‍ന്ന ശിവസേന നേതാവ് മനോഹര്‍ ജോഷിക്കൊപ്പമാണ് 17 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയെ കാണാന്‍ എത്തിയത്. ബിജെപിയുമായി സഖ്യം മതിയെന്നാണ് ഇവരുടെ നിലപാട്. മറ്റു പാര്‍ട്ടികളുമായുള്ള സഖ്യം നിലനില്‍ക്കില്ലെന്നും അവര്‍ പറയുന്നു.
ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാടിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് ശിവസേനയ്ക്ക് വിവരം ലഭിച്ചു. എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ശിവസേനയുടെ തീരുമാനം. വെള്ളിയാഴ്ച എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡും 5 ദിവസം താമസിക്കാനുള്ള ഒരുക്കത്തോടെയും വരണമെന്നാണ് നിര്‍ദേശം.