മഹാരാഷ്ട്രയിലേക്ക് നിരീക്ഷകരെ അയച്ച് കേന്ദ്രം; സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിനെന്ന് ബിജെപി
മുംബൈ: വോട്ടെണ്ണല്‍ കഴിഞ്ഞ് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത മഹാരാഷ്ട്രയിലേക്ക് നിരീക്ഷകരെ അയച്ച് ബിജെപി കേന്ദ്ര നേതൃത്വം. മഹാരാഷ്ട്ര നിയമസഭാ കക്ഷി യോഗത്തിന്റെ കേന്ദ്ര നിരീക്ഷകരായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെയും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെയും ബിജെപി തിരഞ്ഞെടുത്തു. ഈ യോഗത്തില്‍ വെച്ചാണ് എംഎല്‍എമാര്‍ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുക
അതിനിടെ ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയില്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് പുതിയ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. ചടങ്ങിന് മുമ്പ് ബിജെപി എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഉന്നത നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തും.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും എന്നാണ് വിവരം. 288 സീറ്റുകളുള്ള നിയമസഭയില്‍ 132 എംഎല്‍എമാരുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് 57 ഉം അജിത് പവാറിന്റെ എന്‍സിപിക്ക് 41 ഉം എംഎല്‍എമാരാണ് ഉള്ളത്. സീറ്റ് നില പ്രകാരം ബിജെപിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമെങ്കിലും ശിവസേന അവകാശവാദം ഉന്നയിച്ചതോടെയാണ് തീരുമാനം നീണ്ടുപോയത്.
ഏക്‌നാത് ഷിന്‍ഡെയ്ക്ക് കീഴിലാണ് മഹായുതി തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും അതിനാല്‍ വിജയം ജനങ്ങള്‍ ഷിന്‍ഡെയ്ക്ക് നല്‍കിയ അംഗീകാരമാണ് എന്നുമാണ് ശിവസേന പറയുന്നത്. എന്നാല്‍ 2022 ലെ പ്രത്യേക സാഹചര്യത്തില്‍ വിട്ടുവീഴ്ച ചെയ്തത് പോലെ ഇത്തവണ വിട്ടുവീഴ്ചയ്ക്കില്ല എന്ന് ബിജെപി നേതാക്കള്‍ അസന്നിഗ്ധമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ പിന്തുണയ്ക്കുമെന്ന് എന്‍സിപി അറിയിച്ചിട്ടുണ്ട്.
ഇതോടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തും. രണ്ടാം ഡെപ്യൂട്ടി ആരായിരിക്കും എന്നത് കണ്ടറിയണം. ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ട എന്ന് ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചിട്ടുണ്ട്. അങ്ങനെ എങ്കില്‍ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ഈ സാധ്യത ശ്രീകാന്ത് ഷിന്‍ഡെ തന്നെ തള്ളിക്കളഞ്ഞിരുന്നു. അതേസമയം സത്യപ്രതിജ്ഞ വൈകുന്നതില്‍ മഹാ വികാസ് അഘാഡി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു തീരുമാനമെടുക്കാന്‍ മഹായുതിക്ക് കഴിയാത്തത് മഹാരാഷ്ട്രയ്ക്ക് അപമാനമാണെന്ന് ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം പോലും ഉന്നയിക്കാതെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചത് ശുദ്ധ അരാജകത്വമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications