Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍; എന്‍സിപി പാര്‍ട്ടികള്‍ ലയിച്ചാല്‍ മാത്രം എന്‍ഡിഎയിലേക്ക് ക്ഷണം

എന്‍സിപി (എസ്പി)യെ എന്‍ഡിഎയില്‍ എത്തിക്കുന്നതിനായി പുതിയ കരുക്കള്‍ നീക്കി ബിജെപി. എന്‍സിപിയുടെ രണ്ട് പാര്‍ട്ടികളുടേയും ലയനത്തിന് ശേഷം മതി എന്‍ഡിഎ സഖ്യകക്ഷിയാക്കല്‍ എന്ന നിലപാടിലാണ് ബിജെപി എന്നാണ് റിപ്പോര്‍ട്ട്. എന്‍സിപിയുടെ ഇരുവിഭാഗങ്ങളിലെയും നേതാക്കളും ഭരണപക്ഷത്തെ പ്രമുഖരും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പുനരേകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് ഈ നീക്കം.

2023 ജൂലൈയില്‍, അജിത് പവാറും നിരവധി സഹപ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി ഔദ്യോഗികമായി പിളര്‍ന്നത്. തുടര്‍ന്ന്, പാര്‍ട്ടിയുടെ പേരിനും തിരഞ്ഞെടുപ്പ് ചിഹ്നത്തിനുമുള്ള യഥാര്‍ത്ഥ അവകാശികളായി അജിത് പവാര്‍ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും ചെയ്തു.

Maharashtra Crisis

മുതിര്‍ന്ന നേതാവായ ശരദ് പവാര്‍ നയിക്കുന്ന മറുവിഭാഗം എന്‍സിപി (എസ്പി) എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അടുത്തിടെയായി ഇവരുടെ പുനരേകീകരണ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്. എന്‍സിപിയുടെ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ലയിച്ചാല്‍ മാത്രമേ എന്‍ഡിഎയുമായി കൂടുതല്‍ അടുക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നതാണ് ബിജെപിയുടെ നിലപാടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശരദ് പവാറിനെയോ അദ്ദേഹത്തിന്റെ പ്രധാന അനുയായികളെയോ വ്യക്തിഗത അടിസ്ഥാനത്തില്‍ സഖ്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്ക് വലിയ താല്‍പ്പര്യമില്ലെന്നും വിവരങ്ങളുണ്ട്. അതിനിടെ മഹാരാഷ്ട്രയില്‍ ബിജെപിയ്ക്കും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഒപ്പം ചേര്‍ന്ന് ഭരണം നടത്തുന്ന എന്‍സിപി വിഭാഗം, ദേശീയ തലത്തിലുള്ള തങ്ങളുടെ പ്രതീക്ഷകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

ഏപ്രിലില്‍ സത്യപ്രതിജ്ഞ ചെയ്ത രാജ്യസഭാംഗമായ പാര്‍ത്ഥ് പവാറിനെ, ഭാവിയില്‍ നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്‍സിപിയുടെ അധ്യക്ഷയും ഉപമുഖ്യമന്ത്രിയുമാണ് സുനേത്ര പവാര്‍. എന്‍സിപിയില്‍ ആഭ്യന്തര ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നുവെങ്കിലും, മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലും സുനില്‍ തത്കരെയും അത് തള്ളിക്കളഞ്ഞിരുന്നു.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഭരണഘടന (131ാം ഭേദഗതി) ബില്‍ അവതരിപ്പിക്കാനുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കത്തിനിടെയാണ് ഇത്തരം ഊഹാപോഹങ്ങള്‍ വീണ്ടും സജീവമായത്. ലോക്സഭാ സീറ്റുകളുടെ എണ്ണം 850-ആയി ഉയര്‍ത്താനും മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പുതുതായി ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്‍.

എന്‍സിപി (എസ്പി)-ക്ക് ലോക്സഭയില്‍ എട്ടും രാജ്യസഭയില്‍ ഒന്നും സീറ്റുകളുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അവരുടെ പിന്തുണയോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം അവരുടെ നിഷ്പക്ഷ നിലപാടോ പോലും നിര്‍ണായകമായേക്കാം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തുന്നതെങ്കില്‍, അതിനെ എതിര്‍ക്കില്ല എന്ന് എന്‍സിപി (എസ്പി) വര്‍ക്കിംഗ് പ്രസിഡന്റും ബരാമതി എംപിയുമായ സുപ്രിയ സുലെ ആദ്യം പറഞ്ഞിരുന്നു

എന്നാല്‍, ഇക്കാര്യത്തിലുള്ള ഏത് തീരുമാനവും ഇന്ത്യ സഖ്യത്തിനുള്ളിലെ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് ശേഷമേ എടുക്കൂ എന്നും, പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടി എന്‍ഡിഎയിലേക്ക് മാറിയേക്കും എന്ന അഭ്യൂഹങ്ങളും സുലെ തള്ളിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+