മഹാരാഷ്ട്രയില്‍ കളിമാറി; വിമതരില്‍ ഭിന്നത, ബിജെപി സഖ്യം വേണ്ടെന്ന് 20 എംഎല്‍എമാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഒരാഴ്ചയോളമായി നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ട്വിസ്റ്റ്. ഏകനാഥ് ഷിന്‍ഡെക്കൊപ്പം പോയ വിമതരില്‍ ഭിന്നതയെന്ന് പുതിയ വിവരം. 20 എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുടെ കൂടെ തന്നെ നില്‍ക്കാമെന്ന് അഭിപ്രായപ്പെട്ടുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബിജെപിയുമായി ചേരേണ്ടെന്നാണ് ഇവരുടെ അഭിപ്രായമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ വിമതരുടെ ഭാര്യമാരെ ഫോണില്‍ വിളിച്ച് സംസാരിച്ച പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

ഏകനാഥ് ഷിന്‍ഡെക്കും ചില വിമത മന്ത്രിമാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ശിവസേന ആലോചിക്കുന്നുണ്ട്. ഏകനാഥ് ഷിന്‍ഡെക്ക് പുറമെ ഗുലാബ്‌റാവു പാട്ടീല്‍, ദാദ ഭുസെ ഉള്‍പ്പെടെയുള്ള വിമതര്‍ക്ക് മന്ത്രിപദവി നഷ്ടമായേക്കും. അബ്ദുല്‍ സത്താര്‍, ശംഭുരാജ് ദേശായ് എന്നീ സഹമന്ത്രിമാരെ പുറത്താക്കുമെന്നാണ് മറ്റൊരു വിവരം. ഇവരുടെ നീക്കങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത് എന്ന് ശിവസേന നേതൃത്വം കരുതുന്നു. ഇവരില്‍ നിന്ന് മന്ത്രിപദവി എടുത്തുമാറ്റി മറ്റുചില വിമതര്‍ക്ക് കൊടുക്കാനും അതുവഴി വിമതരില്‍ വലിയൊരു വിഭാഗത്തെ കൂടെ നിര്‍ത്താനുമാണ് ആലോചന. വിമതരില്‍ ഭിന്നതയുണ്ടാക്കുക എന്ന തന്ത്രമാണ് ഉദ്ധവ് താക്കറെ പയറ്റുന്നത്.
ശിവസേന വിട്ട് ബിജെപിയുമായി ലയിക്കാന്‍ ചില ചര്‍ച്ചകള്‍ ഷിന്‍ഡെ നടത്തിയിരുന്നു. പ്രഹാര്‍ ജനശക്തി പാര്‍ട്ടിയില്‍ ലയിക്കാനും ശേഷം ബിജെപിയുമായി സഹകരിക്കാനുമുള്ള ഒരു പദ്ധതിയും വിമതര്‍ ചര്‍ച്ച ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ മന്ത്രിയായ ബഛു കഡുവാണ് പ്രഹാര്‍ ജനശക്തി പാര്‍ട്ടിയുടെ അധ്യക്ഷന്‍. ഇദ്ദേഹം ശിവസേനയിലെ വിമതര്‍ക്കൊപ്പമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഛു കഡു ഇപ്പോള്‍ ഗുവാഹത്തിയിലെ ഹോട്ടലില്‍ വിമതര്‍ക്കൊപ്പമുണ്ട്. അതേസമയം, വിമതര്‍ക്ക് മുമ്പില്‍ വലിയ ഓഫറുകള്‍ ബിജെപി വച്ചു എന്ന വാര്‍ത്തകളുണ്ട്. ഏകനാഥ് ഷിന്‍ഡെ ഗുജറാത്തിലെ വഡോദരിയില്‍ ശനിയാഴ്ച രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, 15 ശിവസേന വിമത എംഎല്‍എമാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വിമത എംഎല്‍എമാരുടെ ഓഫീസില്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിമതര്‍ എത്രകാലം ഗുവാഹത്തിയില്‍ ഒളിവില്‍ കഴിയുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പരിഹസിച്ചത്. 16 വിമതരെ അയോഗ്യരാക്കാനുള്ള നടപടിയും ശിവസേന ആരംഭിച്ചിട്ടുണ്ട്. ഫലത്തില്‍ വിമത ക്യാമ്പില്‍ ഭിന്നതയുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഉദ്ധവ് താക്കറെയ്ക്കുള്ളത്. അത് വിജയിച്ചാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ പറ്റിയേക്കും.












Click it and Unblock the Notifications