പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെ ബിജെപി പതാക വീശി പ്രവര്‍ത്തകര്‍; പ്രിയങ്കയുടെ മറുപടി ഇങ്ങനെ
നാഗ്പൂര്‍: നാഗ്പൂരിലെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ബിജെപി പതാക വീശി പാര്‍ട്ടി അനുഭാവികള്‍. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു സംഭവം. ബിജെപിയുടെ സൈദ്ധാന്തിക മാതൃസംഘടനയായ ആര്‍എസ്എസിന്റെ ആസ്ഥാനം നാഗ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. പൊതുവെ ബിജെപി കോട്ടയായി കണക്കാക്കപ്പെടുന്ന നഗരമാണ് നാഗ്പൂര്‍.
നാഗ്പൂര്‍ ലോക്സഭാ സീറ്റില്‍ 2014 മുതല്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ജയിച്ച് വരുന്നത്. മാത്രമല്ല നാഗ്പൂര്‍ ലോക്സഭാ സീറ്റിന് കീഴിലുള്ള ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും നിലവില്‍ ബിജെപിക്കൊപ്പമാണ്. നാഗ്പൂര്‍ വെസ്റ്റ്, നാഗ്പൂര്‍ സെന്‍ട്രല്‍ മണ്ഡലങ്ങളിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധി നയിച്ച റോഡ് ഷോ കടന്ന് പോയത്. നിലവില്‍ നാഗ്പൂര്‍ വെസ്റ്റ് കോണ്‍ഗ്രസിന്റെ കൈവശമാണ്.

നാഗ്പൂര്‍ സെന്‍ട്രല്‍ 2009 മുതല്‍ ബിജെപിക്കൊപ്പമാണ്. വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയുടെ റോഡ് ഷോയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയത്. ഇതിനിടെയായിരുന്നു ഒരു കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ പാര്‍ട്ടി പതാക വീശിയത്. ഇവര്‍ പാര്‍ട്ടി അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കാനും തുടങ്ങി. ഇവരെ തിരിച്ച് പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത പ്രിയങ്ക ബുധനാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.
ഇത് കണ്ട കോണ്‍ഗ്രസ് അനുഭാവികളും മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പിന്നാലെ മൈക്ക് എടുത്ത് പ്രിയങ്ക ഗാന്ധി ഇങ്ങനെ പറഞ്ഞു, 'ബിജെപിയിലെ സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പിന് നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. എന്നാല്‍ മഹാ വികാസ് അഘാഡിയാണ് വിജയിക്കുക'. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. റോഡ് ഷോയ്ക്ക് പിന്നാലെ നാഗ്പൂര്‍ സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബണ്ടി ഷെല്‍കെയും ബിജെപി അനുഭാവികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
എന്നാല്‍ പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് ബുധനാഴ്ചയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 അംഗ നിയമസഭയില്‍ 161 സീറ്റുകള്‍ നേടി ബിജെപിയുടെയും അവിഭക്ത ശിവസേനയുടെയും എന്‍ഡിഎ സഖ്യം ഉജ്ജ്വല വിജയം നേടിയിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ കീഴ്‌മേല്‍ മറിയുകയായിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസുമായും അവിഭക്ത എന്‍സിപിയുമായും സഖ്യം ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചു. 2022ല്‍ ശിവസേനയെ പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ എംവിഎ സര്‍ക്കാര്‍ താഴെവീണു. ബിജെപി പിന്തുണയില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയായി. പിന്നീട് അജിത് പവാറിന്റെ കലാപം എന്‍സിപിയേയും പിളര്‍ത്തി.












Click it and Unblock the Notifications