ഉപാധി വെച്ച് കോണ്‍ഗ്രസ്? മഹാരാഷ്ട്രയില്‍ എങ്ങുമെത്താതെ സീറ്റ് വിഭജനം, ചര്‍ച്ച തടസപ്പെട്ടു
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തില്‍ മഹാ വികാസ് അഘാഡിക്കുള്ളില്‍ ഉപാധി മുന്നോട്ടുവെച്ച് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടികളുടെ വിജയശതമാനത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജനം വേണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തടസ്സപ്പെട്ടു.
ശിവസേന (യുബിടി)യും കോണ്‍ഗ്രസും തമ്മിലാണ് തര്‍ക്കം എന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം എംവിഎയിലെ സീറ്റ് സമവാക്യം മാറി എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 17 സീറ്റില്‍ 13 ലും കോണ്‍ഗ്രസിന് ജയിക്കാനായിരുന്നു. എന്‍സിപി (എസ്പി) മത്സരിച്ച 10 സീറ്റുകളില്‍ എട്ട് സീറ്റുകളും ശിവസേന (യുബിടി) 21 സീറ്റുകളില്‍ ഒമ്പതും നേടി.

തങ്ങളുടെ സ്‌ട്രൈക്ക് റേറ്റാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ചത് എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ നവംബറിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. സഖ്യത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള തീരുമാനത്തെ വരെ ബാധിക്കുമെന്നതിനാല്‍ സീറ്റ് വിഭജനം പ്രധാനമാണ്.
അതേസമയം സഖ്യത്തിലെ മൂന്ന് കക്ഷികളും സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ട് എന്നും ആ സീറ്റുകളിലെ ഓരോ പാര്‍ട്ടിയുടെയും സാധ്യതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം എന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 115-120 സീറ്റുകള്‍ സ്വീകാര്യമായ ഫോര്‍മുലയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മഹാരാഷ്ട്രയില്‍ ശിവസേനയുടെ (യുബിടി) ആധിപത്യം ദുര്‍ബലമായെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാണ്. ഭൂരിപക്ഷം എംഎല്‍എമാരും ശിവസേനയിലേക്ക് കൂറുമാറിയതിനാല്‍ 2019ല്‍ നേടിയ 56 സീറ്റുകളിലും അവകാശവാദമുന്നയിക്കാന്‍ ശിവസേന (യുബിടി) ക്ക് കഴിയില്ല, ''അദ്ദേഹം പറഞ്ഞു. അതേസമയം ശിവസേന (യുബിടി) ഇത് സംബന്ധിച്ച് പ്രതിരണമൊന്നും നടത്തിയിട്ടില്ല.
ചില സീറ്റുകളില്‍ അവകാശവാദങ്ങളും എതിര്‍വാദങ്ങളും ഉണ്ട്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ ഫോര്‍മുല ദസറയ്ക്ക് മുമ്പ് തീരുമാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നാണ് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറയുന്നത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേന 56 സീറ്റും കോണ്‍ഗ്രസ് 44 സീറ്റും അവിഭക്ത എന്‍സിപി 54 സീറ്റുകളും ആണ് നേടിയത്.
എന്നാല്‍ കഴിഞ്ഞ തവണ നേരിയ മാര്‍ജിനില്‍ 23 സീറ്റുകളിലാണ് കോണ്‍ഗ്രസ് തോറ്റത്. ഈ സീറ്റുകളിലും തര്‍ക്കം തുടരുന്നുണ്ട് എന്നാണ് വിവരം. ഈ സീറ്റുകളില്‍ സഖ്യകക്ഷികളും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതേസമയം മൂന്ന് കക്ഷികളുടേയും ഉന്നത നേതാക്കള്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് എന്നാണ് വിവരം.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ, ശിവസേന (യുബിടി)യുടെ സഞ്ജയ് റാവത്ത്, എന്‍സിപി (എസ്പി) സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ബിജെപി-ശിവസേന-എന്‍സിപി എന്നിവരുള്ള മഹായുതി സഖ്യത്തെയാണ് മഹാ വികാസ് അഘാഡി സഖ്യത്തിന് നേരിടേണ്ടത്.












Click it and Unblock the Notifications