ദീപാവലി ബോണസ് 28000 രൂപ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ക്ഷേമപദ്ധതികളുമായി ഷിന്‍ഡെ
മുംബൈ: താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പായിരുന്നു സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എല്ലാ ജീവനക്കാര്‍ക്കും 28000 രൂപ വീതം ദീപാവലി ബോണസായി ലഭിക്കും.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3000 രൂപ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് ഏക്‌നാഥ് ഷിന്‍ഡെ ബിഎംസി ജീവനക്കാര്‍ക്ക് 25,000 രൂപയായിരുന്നു ദീപാവലി ബോണസായി പ്രഖ്യാപിച്ചിരുന്നത്. അതേസമയം സിവിക് ബോഡി അഡ്മിനിസ്‌ട്രേഷന്‍ അതിന്റെ ജീവനക്കാര്‍ക്ക് 29000 രൂപ ഗ്രാറ്റുവിറ്റി ഗ്രാന്റ് പ്രഖ്യാപിച്ചു. സോഷ്യല്‍ ഹെല്‍ത്ത് വോളണ്ടിയര്‍ക്ക് 12,000 രൂപയും കിന്റര്‍ഗാര്‍ട്ടന്‍ ടീച്ചര്‍ / ഹെല്‍പ്പര്‍ക്ക് 5000 രൂപയും ബോണസ് ലഭിക്കും.

ലഡ്കി ബഹിന്‍ യോജന ദീപാവലി ബോണസ് 2024 പദ്ധതി പ്രകാരം യോഗ്യരായ സ്ത്രീ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നാലാമത്തെയും അഞ്ചാമത്തെയും തവണകള്‍ ഉള്‍പ്പെടെ 3000 രൂപ ക്രെഡിറ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം 2.5 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസ സഹായമായി 1500 രൂപ ലഭിക്കും.
മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിവിധ തൊഴിലാളികളുടെയും എംപ്ലോയീസ് അസോസിയേഷനുകളുടെയും ഏകോപന സമിതിയുടെ ആവശ്യപ്രകാരമാണ് നടപടി. സ്ത്രീകളെയും വയോജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഈ വര്‍ഷം എട്ട് പ്രധാന ക്ഷേമപദ്ധതികള്‍ ആണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. പ്രതിവര്‍ഷം മൂന്ന് സൗജന്യ എല്‍പിജി റീഫില്ലുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ തീര്‍ത്ഥാടനം, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സൗജന്യ പ്രൊഫഷണല്‍ വിദ്യാഭ്യാസം എന്നിവയാണ് അതില്‍ പ്രധാനം.
അതിനിടെ മുംബൈയില്‍ പ്രവേശിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇനി ടോള്‍ നല്‍കേണ്ടതില്ല എന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും (എംഎസ്ആര്‍ടിസി) നിര്‍ദിഷ്ട 10 ശതമാനം നിരക്ക് വര്‍ധന റദ്ദാക്കി. മാതൃകാ പെരുാറ്റച്ചട്ടം നിലവില്‍ വരും എന്നതിനാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പായിരുന്നു ക്ഷേമ പദ്ധതികളില്‍ പലതും പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ആരംഭിച്ചപ്പോഴേക്കും 117-ലധികം ഉത്തരവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. വൈകുന്നേരത്തോടെ, ഈ കണക്ക് 244 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ 95 തീര്‍ഥാടന കേന്ദ്രങ്ങളും ഇന്ത്യയിലെ 15 കേന്ദ്രങ്ങളും മുഖ്യമന്ത്രി തീര്‍ഥ ദര്‍ശന്‍ യോജനയില്‍ ഉള്‍പ്പെടുത്തിയത് ഇതിലൊന്നാണ്. പട്ടികജാതി വിഭാഗത്തിന് കീഴില്‍ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവരെ കണ്ടെത്താനുള്ള ഒരു കമ്മിറ്റിയെ നിയമിച്ചതാണ് മറ്റൊന്ന്.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നവംബര്‍ 20-നാണ് വോട്ടെടുപ്പ്. നവംബര്‍ 23 നാണ് വോട്ടെണ്ണല്‍. നിലവിലെ നിയമസഭയുടെ കാലാവധി 2024 നവംബര്‍ 26-ന് അവസാനിക്കും.












Click it and Unblock the Notifications