'വല്ല്യേട്ടന്‍ കളി വേണ്ട, ഹരിയാന മറക്കേണ്ട..'; കോണ്‍ഗ്രസിന് ശിവസേനയുടെ മുന്നറിയിപ്പ്, സീറ്റെണ്ണം കുറയുമോ?
മുംബൈ: ഹരിയാനയില്‍ കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയത്തില്‍ സഖ്യകക്ഷികളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. അടുത്ത മാസം മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാ വികാസ് അഘാഡിയില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ ഹരിയാനയിലെ പ്രകടനം വെച്ച് പ്രതിരോധത്തിലാക്കാം എന്നാണ് ശിവസേന (യുബിടി)യുടെ ആലോചന.
ശിവസേന (യുബിടി) മുഖപത്രമായ സാമ്‌നയില്‍ ഇന്ന് പ്രസിദ്ധീകരിച്ച ലേഖനവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജയിക്കാവുന്ന മത്സരം പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ടാണ് സാമ്‌നയില്‍ ലേഖനം വന്നിരിക്കുന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയെ ശക്തമായി വിമര്‍ശിച്ച് കൊണ്ടാണ് ഹരിയാന ഫലത്തിലേക്ക് സാമ്‌ന കടക്കുന്നത്.

കുമാരി സെല്‍ജ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാന നേതാക്കളുമായി സഹകരിക്കാനുള്ള ഹൂഡയുടെ വിമുഖത തിരിച്ചടിക്ക് പ്രധാന കാരണമായി എന്ന് സാമ്‌ന നിരീക്ഷിച്ചു. 'ഹരിയാനയില്‍ ഇന്ത്യ സഖ്യം ഇല്ലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അമിത ആത്മവിശ്വാസത്തിലായിരുന്നു. സമാജ്വാദി പാര്‍ട്ടിയെയോ എഎപിയെയോ അവിടെ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ഫലങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു,' ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രേരണയില്‍ ആം ആദ്മിയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാന നേതാക്കള്‍ സഖ്യത്തിന് താല്‍പര്യം കാണിച്ചില്ല. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വിജയിക്കാവുന്ന സാഹചര്യം കോണ്‍ഗ്രസിന് മുതലാക്കാനായില്ല എന്നും സാമ്‌ന കുറ്റപ്പെടുത്തി. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപി അധികാരത്തില്‍ വരില്ലെന്ന വിശ്വാസമുണ്ടായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കലഹം ബിജെപിക്ക് ഗുണം ചെയ്തു, സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു. ഭൂപീന്ദര്‍ ഹൂഡയുടെ അനാരോഗ്യകരമായ നീക്കങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഹൂഡയും കുമാരി സെല്‍ജയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് തുരങ്കം വെച്ചു എന്നും സാമ്‌ന ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അടിത്തട്ടിലെ സംഘടനാ ശേഷി ശക്തമാക്കണം എന്നും ലേഖനം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഹരിയാനയുടെ പാത പിന്തുടരില്ല. മഹാ വികാസ് അഘാഡി വിജയിക്കും. മറാത്തികളുടെ പൊതുജനാഭിപ്രായം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും ഏകനാഥ് ഷിന്‍ഡെയ്ക്കും എതിരാണ്. എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹരിയാനയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ലേഖനത്തില്‍ പറയുന്നു.
അതേസമയം ഹരിയാനയിലെ ഫലം മഹാരാഷ്ട്രയെ സ്വാധീനിക്കില്ല എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ഇത് കോണ്‍ഗ്രസിന് ആശ്വാസമാണ്. എന്നാല്‍ ഹരിയാന ഫലങ്ങളില്‍ നിന്ന് പഠിക്കണമെന്ന് റാവത്ത് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സഖ്യത്തില്‍ വല്ല്യേട്ടന്‍ മനോഭാവം നല്ലതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications