'മഹായുദ്ധ'ത്തിനൊരുങ്ങി മഹാ വികാസ് അഘാഡി; സീറ്റ് വിഭജനം പൂര്‍ത്തിയായി? കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ധാരണ പ്രകാരം കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കും എന്നാണ് വിവരം. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്.
ഇതില്‍ കോണ്‍ഗ്രസ് 104 സീറ്റുകളിലും ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) 96 സീറ്റുകളിലും മത്സരിക്കും എന്നാണ് വിവരം. ശരദ് പവാറിന്റെ എന്‍സിപി (എസ്പി) 88 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സമാജ്വാദി പാര്‍ട്ടി, പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി (പിഡബ്ല്യുപി) പോലുള്ള മറ്റ് സഖ്യകക്ഷികളെ എങ്ങനെ പരിഗണിക്കണം എന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

വിദര്‍ഭ മേഖലയിലെ ഏതാനും സീറ്റുകളുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായെങ്കിലും അവയിലും സമവായത്തിലെത്തി എന്നാണ് വിവരം. നാഗ്പൂര്‍ വെസ്റ്റ്, കാംതി, ഗോണ്ടിയ, ഭണ്ഡാര മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. വാണി, രാംടെക്ക് എന്നിവയുള്‍പ്പെടെയുള്ള മേഖലയില്‍ ശിവസേന (യുബിടി)ക്ക് മൊത്തം 11 സീറ്റുകള്‍ അനുവദിച്ചു, എന്‍സിപി (എസ്പി) 11 മുതല്‍ 12 വരെ സീറ്റുകളില്‍ ഇവിടെ മത്സരിക്കും.
2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച മഹാ വികാസ് അഘാഡി സഖ്യം, ബിജെപി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തെ പരാജയപ്പെടുത്താം എന്ന പ്രതീക്ഷയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
എന്നാല്‍ സീറ്റ് വിഭജനത്തെച്ചൊല്ലി കക്ഷികള്‍ക്കിടയില്‍ ആദ്യം ഭിന്നത ഉടലെടുത്തിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്തും കോണ്‍ഗ്രസിന്റെ നാനാ പടോലെ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി നേതാക്കള്‍ ശനിയാഴ്ച സൗത്ത് മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ ഒമ്പത് മണിക്കൂര്‍ നീണ്ട യോഗം നടത്തിയിരുന്നു.
ശരദ് പവാറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കം സമവായത്തിലെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളില്‍ 31 ലും മഹാ വികാസ് അഘാഡിയായിരുന്നു ജയിച്ചത്. 17 ഇടത്താണ് മഹായുതിക്ക് ജയിക്കാനായത്. കോണ്‍ഗ്രസ് മത്സരിച്ച 17 സീറ്റുകളില്‍ 13 എണ്ണവും ശിവസേന (യുബിടി) മത്സരിച്ച 21 സീറ്റുകളില്‍ 9 എണ്ണവും സ്വന്തമാക്കി. എന്‍സിപി (എസ്പി) മത്സരിച്ച 10 സീറ്റുകളില്‍ എട്ട് സീറ്റുകളിലും വിജയിക്കാനായിരുന്നു.












Click it and Unblock the Notifications