മഹായുതിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി? കൂടുതല്‍ സീറ്റ് ബിജെപിക്ക്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ മഹായുതിക്കുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായതായി റിപ്പോര്‍ട്ട്. ബിജെപി 150 മുതല്‍ 155 സീറ്റുകളില്‍ മത്സരിക്കാനാണ് സാധ്യത. വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശിവസേന 90-95 സീറ്റുകളിലും എന്‍സിപി 40-45 സീറ്റുകളിലും മത്സരിക്കും. 288 സീറ്റാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സീറ്റ് വിഭജനം പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. ഭൂരിപക്ഷം സീറ്റുകളുടെയും വിഭജനം പൂര്‍ത്തിയായി എന്നും ഏകദേശം 25 സീറ്റുകളുടെ കാര്യത്തില്‍ മുന്നണിയോഗം വീണ്ടും ചേര്‍ന്നേക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഹായുതി ഒന്നിലധികം സര്‍വേകള്‍ സംസ്ഥാനത്ത് നടത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സീറ്റ് വിഭജനം നടത്തുന്നത്.

സിറ്റിംഗ് എംഎല്‍എമാരുടെ കാര്യത്തില്‍ 5-10% സീറ്റുകളില്‍ മാത്രമേ മാറ്റമുണ്ടാകൂ. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ താനെയില്‍ നിന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂരില്‍ നിന്നും ജനവിധി തേടിയേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശിവസേനയും എന്‍സിപിയും പിളര്‍ന്ന് ഇത്തവണ രണ്ട് പാര്‍ട്ടികള്‍ വീതമായിരിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹായുതിക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. ആകെയുള്ള 48 സീറ്റില്‍ 17 സീറ്റില്‍ മാത്രമാണ് മഹായുതിക്ക് ജയിക്കാനായത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് - ശിവസേന (യുബിടി) - എന്‍സിപി (എസ്പി) എന്നിവര്‍ ഉള്‍പ്പട്ടെ മഹാ വികാസ് അഘാഡിയാണ് 30 സീറ്റിലും ജയിച്ചത്. അതിനാല്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുതലോടെയാണ് മഹായുതി ഇറങ്ങുന്നത്.
ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറാഠാ വോട്ടര്‍മാര്‍ എന്‍ഡിഎയെ കൈവിട്ടിരുന്നു. ഒബിസി, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരും മഹാ വികാസ് അഘാഡിക്കൊപ്പമാണ് നിലകൊണ്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് സംസ്ഥാനത്ത് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍.
ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ക്ക് 1,500 രൂപ നല്‍കുന്ന അവരുടെ ലഡ്കി ബഹിന്‍ യോജന ഉള്‍പ്പെടെ നിരവധി പൊതുക്ഷേമ നടപടികള്‍ അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനം ഇതിനകം മൂന്നിലധികം ഗഡുക്കളായി തുക വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 2.5 കോടി സ്ത്രീകള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications