'മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ 9.5 കോടി, വോട്ട് ചെയ്തത് 9.7 കോടി പേര്‍; ഇതെങ്ങനെ സംഭവിച്ചു?' രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉണ്ട് എന്ന് രാഹുല്‍ പറഞ്ഞു. ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത്, എന്‍സിപി-എസ്സിപി എംപി സുപ്രിയ സുലെ എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണം.
വോട്ടര്‍മാരുടെ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം തങ്ങള്‍ക്ക് നിരവധി ക്രമക്കേടുകള്‍ കണ്ടെത്താനായി എന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോരാടിയ മുഴുവന്‍ പ്രതിപക്ഷത്തെയും പ്രതിനിധീകരിച്ചാണ് തങ്ങള്‍ സംസാരിക്കുന്നത് എന്നും വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ 32 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ വെറും അഞ്ചുമാസത്തിനുള്ളില്‍ 39 ലക്ഷം വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിയത്. 'ആരാണ് ഈ 39 ലക്ഷം വോട്ടര്‍മാര്‍ എന്നതാണ് ചോദ്യം. ഹിമാചല്‍ പ്രദേശിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിന് തുല്യമാണ് ഇത്. സംസ്ഥാനത്തെ മുഴുവന്‍ വോട്ടിംഗ് ജനസംഖ്യയേക്കാള്‍ കൂടുതല്‍ വോട്ടര്‍മാര്‍ മഹാരാഷ്ട്രയില്‍ ഉള്ളത് എന്തുകൊണ്ട്?,' അദ്ദേഹം ചോദിച്ചു.
ഈ അപാകതകള്‍ അന്വേഷിക്കണമെന്ന ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവഗണിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.. ഞങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ പേരും വിലാസവും ആവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയും വേണം. കാരണം ഈ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ കൃത്യമായി മനസ്സിലാക്കണം,' അദ്ദേഹം പറഞ്ഞു.
നിരവധി വോട്ടര്‍മാരെ, പ്രത്യേകിച്ച് ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ ഇല്ലാതാക്കുകയോ വിവിധ പോളിംഗ് ബൂത്തുകളിലേക്ക് മാറ്റുകയോ ചെയ്തതായും അദ്ദേഹം ആരോപിച്ചു. ഇല്ലാതാക്കിയ നിരവധി വോട്ടര്‍മാരുണ്ട്. ഒരു ബൂത്തിലെ വോട്ടര്‍മാരെ മറ്റൊരു ബൂത്തിലേക്ക് മാറ്റി. ഈ വോട്ടര്‍മാരില്‍ ഭൂരിഭാഗവും ദളിത്, ആദിവാസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ് എന്നും രാഹുല്‍ പറഞ്ഞു.
'ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവര്‍ത്തിച്ച് ഇക്കാര്യം അഭ്യര്‍ത്ഥിച്ചു. അവര്‍ ഞങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. അവര്‍ പ്രതികരിക്കാതിരിക്കാനുള്ള ഒരേയൊരു കാരണം അവര്‍ ചെയ്തതില്‍ തെറ്റുണ്ട് എന്നതായിരിക്കാം. ഞാന്‍ ഒരു ആരോപണവും ഉന്നയിക്കുന്നില്ല. ഒരു ഡാറ്റ ഇവിടെ വ്യക്തമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാഹുലിന്റെ ആരോപണത്തില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി.
'തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ മുന്‍ഗണനാ പങ്കാളികളായി കണക്കാക്കുന്നു, തീര്‍ച്ചയായും, വോട്ടര്‍മാരാണ് പ്രധാനം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള കാഴ്ചപ്പാടുകള്‍, നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍ എന്നിവയെ ആഴത്തില്‍ വിലമതിക്കുന്നു. വസ്തുതാപരമായ ഡാറ്റ ഉപയോഗിച്ച് രേഖാമൂലം മറുപടി നല്‍കും,' തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതിനിടെ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.
എല്ലാ ചോദ്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടിയാണ് നല്‍കിയത്. ഫെബ്രുവരി 8 ലെ ഫലപ്രഖ്യാപനത്തിന് ശേഷം തന്റെ പാര്‍ട്ടി ഡല്‍ഹി എവിടേയും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നതിനാല്‍ രാഹുല്‍ ഗാന്ധി കവര്‍ ഫയര്‍ ചെയ്യുകയാണ്. നുണകള്‍ പറഞ്ഞ് സ്വയം ആശ്വസിക്കുക. നിങ്ങളുടെ പാര്‍ട്ടിയുടെ പുനരുജ്ജീവനം സാധ്യമല്ല, രാഹുല്‍ ഗാന്ധി തന്റെ പരാജയത്തെക്കുറിച്ച് ആത്മപരിശോധന നടത്തണം,' ഫഡ്‌നാവിസ് പറഞ്ഞു.












Click it and Unblock the Notifications