ആറ് മാസം മുമ്പ് 153 സീറ്റുകളില്‍ ലീഡ്: ഭരണം ഉറപ്പിച്ചു, പക്ഷെ മഹാരാഷ്ട്രയില്‍ എംവിഎ മോഹങ്ങള്‍ തകർന്നടിയുമോ?
മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് പ്രതീക്ഷകളേകി തിരഞ്ഞെടുപ്പ് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഭൂരിപക്ഷം സർവ്വേകളും ബി ജെ പി നയിക്കുന്ന മുന്നണിക്ക് ഭൂരിപക്ഷം പ്രവചിക്കുമ്പോള്‍ ഏതാനും ചില സർവ്വേകള്‍ തൂക്ക് സഭയെന്ന സാധ്യതയാണ് തുറന്നിടുന്നത്. അതേസമയം പ്രാദേശിക മാധ്യമമായ ദൈനിക് ഭാസ്കർ അവകാശപ്പെടുന്നത് മഹാ വികാസ് അഘാഡി സഖ്യത്തിനാണ് മുന്‍തൂക്കമെന്നാണ്.
മെട്രിസ്, പീപ്പിള്‍ പള്‍സ്, പി മാർക്ക് , ജെ വി സി തുടങ്ങിയ ഏജന്‍സികള്‍ മഹായുതിക്ക് സംസ്ഥാനത്ത് ഏറ്റവും മികച്ച മുന്നേറ്റം പ്രവചിക്കുന്നു. പീപ്പിള്‍ പള്‍സ് പ്രവചനം അനുസരിച്ച് മഹായുതിക്ക് 175 മുതല്‍ 195 വരെ സീറ്റുകളും മഹാവികാസ് അഘാഡി സഖ്യത്തിന് 85 മുതല്‍ 112 വരെ സീറ്റുകളും ലഭിച്ചേക്കും. മെട്രിസ് എക്സിറ്റ് പോളിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മഹായുതി 150-170, എം വി എ 110-130 എന്നിങ്ങനെയാണ് സീറ്റ് നില. മഹായുതി 159, എം വി എ 116 എന്ന തരത്തില്‍ ജെ വി സിയും പ്രവചിക്കുന്നു.
എം വി എ സഖ്യത്തിന് 135 മുതല്‍ 150 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ദൈനിക് ഭാസ്കറിന്റെ അവകാശവാദം. മഹായുതി 125-140 സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും.

ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു മഹാ വികാസ് അഘാഡി സഖ്യം നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 48 ലോക്സഭ സീറ്റില്‍ 30 സീറ്റുകളും കോണ്‍ഗ്രസ് സഖ്യം നേടിയപ്പോള്‍ 17 സീറ്റുകളില്‍ മാത്രമാണ് മഹായുതിക്ക് നേടാന്‍ സാധിച്ചത്. കോണ്‍ഗ്രസ് -13, ശിവസേന യുബിടി-9, എന്‍സിപി-എസ്പി- 10 എന്നിങ്ങനെയായിരുന്നു എം വി എ സഖ്യത്തിലെ സീറ്റ് നില. മറുപക്ഷത്ത് 28 സീറ്റില്‍ മത്സരിച്ച ബി ജെ പി 9 സീറ്റിലും 15 സീറ്റില്‍ മത്സരിച്ച ശിവസേന 7 സീറ്റിലും ഒതുങ്ങി. നാലിടത്ത് മത്സരിച്ച അജിത് പവാറിന്റെ എന്‍ സി പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു ലഭിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് എം വി എയ്ക്ക് 153 നിയമസഭ മണ്ഡലങ്ങളില്‍ ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷമായ 145 സീറ്റുകള്‍ക്കും മുകളിലാണ് ഇത്. ലോക്സഭയിലെ പ്രകടനം അടിസ്ഥാനമാക്കി മഹായുതിക്ക് 125 സീറ്റുകളിലാണ് ലീഡുള്ളത്. ശേഷിക്കുന്ന 10 സീറ്റുകളില്‍ സ്വതന്ത്രർക്കും ചെറുകക്ഷികൾക്കുമാണ് മേധാവിത്വം. എന്നാല്‍ ഈ കണക്കുകളൊന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ എം വി എ സഖ്യത്തിന് തുണച്ചേക്കില്ലെന്നാണ് എക്സിറ്റ് പോളുകള്‍ അവകാശപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍ക്കാലികമാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലേത് പോലെ ശക്തമായി തിരിച്ച് വരുമെന്നുമാണ് ബി ജെ പി അവകാശവാദം.












Click it and Unblock the Notifications