അജിതിന് ധനകാര്യം തന്നെ, നിര്‍ണായക വകുപ്പുകള്‍ എന്‍സിപി എംഎല്‍എമാര്‍ക്ക്; വകുപ്പ് വിഭജനം ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിലെ ധനകാര്യ വകുപ്പ് മന്ത്രി സ്ഥാനം ഇനി അജിത് പവാറിന്. എന്‍ സി പി പിളര്‍ത്തി ബി ജെ പി- ശിവസേന സര്‍ക്കാരില്‍ ചേര്‍ന്ന മറ്റ് എട്ട് എം എല്‍ എമാര്‍ക്കും മന്ത്രിസ്ഥാനം വീതിച്ച് നല്‍കിയിട്ടുണ്ട്. ഷിന്‍ഡെ സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം തന്നെ അജിത് പവാറിന് ലഭിക്കും എന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് വകുപ്പ് വിഭജനത്തില്‍ തീരുമാനമായിരിക്കുന്നത്.
ധനമന്ത്രാലയത്തിന് പുറമെ ആസൂത്രണ വകുപ്പിന്റെ ചുമതലയും അജിത് പവാറിനാണ്. ഛഗന്‍ ഭുജ്ബല്‍ ഭക്ഷ്യ സിവില്‍ സപ്ലൈ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രിയാകും. ഡ്രഗ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ ചുമതല ധരംറാബാബ അത്രത്തിനാണ്. സഹകരണ വകുപ്പ് മന്ത്രിയായി ദിലീപ് വാല്‍സ് പാട്ടീലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ധനഞ്ജയ് മുണ്ടെയ്ക്കാണ് കൃഷി വകുപ്പ്.

ഹസന്‍ മുഷ്രിഫ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും. ദുരിതാശ്വാസ പുനരധിവാസവും ദുരന്തനിവാരണത്തിന്റേയും ചുമതല അനില്‍ പാട്ടീലിനാണ്. സഞ്ജയ് ബന്‍സോഡിന് ആണ് കായിക, യുവജനക്ഷേമം വകുപ്പുകള്‍. അദിതി തത്കരെ വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യും. കഴിഞ്ഞ മാസം അവസാനമാണ് അജിത് പവാറും എട്ട് എം എല്‍ എമാരും സര്‍ക്കാരിന്റെ ഭാഗമായത്.
അന്ന് തന്നെ എല്ലാവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ വകുപ്പുകള്‍ തീരുമാനിച്ചിരുന്നില്ല. അതേസമയം എന്‍ സി പി എം എല്‍ എമാരുടെ വരവ് ശിവസേനയ്ക്ക് ഭീഷണിയായേക്കും എന്ന വിലയിരുത്തലുകള്‍ ഇതിനോടകം വന്നിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടനയില്‍ ലക്ഷ്യം വെച്ചിരുന്നു ശിവസേനയിലേയും ബി ജെ പിയിലേയും എം എല്‍ എമാര്‍ക്ക് അജിത് പവാറും സംഘവും മന്ത്രിസഭയിലെത്തിയത് വലിയ തിരിച്ചടിയാണ്.
മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ മന്ത്രിസഭാ വികസനം സുഗമമായി മുന്നോട്ട് പോകുമോയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ബി ജെ പി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും മൂന്ന് പാര്‍ട്ടികളിലെയും എംഎല്‍എമാരുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രയാസമാണെന്നുമാണ് മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് പൊതുഭരണം, നഗരവികസനം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ഗതാഗതം, സാമൂഹികനീതി, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഖനനം, ഒരു പ്രത്യേക മന്ത്രിക്കും ചുമതലപ്പെടുത്തിയിട്ടില്ലാത്ത മറ്റ് വകുപ്പുകള്‍ എന്നിവയാണുള്ളത്. ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തരം, നിയമം, ജുഡീഷ്യറി, ജലവിഭവം, ജലസേചന വികസനം, ഊര്‍ജം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഉള്ളത്.












Click it and Unblock the Notifications