മഹാരാഷ്ട്രയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ല ; മാസ്കും നിര്‍ബന്ധമില്ല
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച് സംസ്ഥാന സർക്കാർ. മഹാരാഷ്ട്രയിലെ പുതുവത്സരം ആഘോഷിക്കുന്ന ശനിയാഴ്ച മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രാബല്യത്തിൽ വരിക. മഹാരാഷ്ട്രയിൽ മാസ്ക് നിർബന്ധമല്ലാതാകും. ഓരോ വ്യക്തിയുടേയും താത്പര്യം പോലെ മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാമെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശം.
അതേ സമയം ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പ്രതിദിനം കുറയുന്ന സാഹചര്യത്തിലാണ് യോഗതീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം

2020ൽ കൊവിഡ് റിപ്പോർട്ട് ചെയ്തത് മുതൽ 78,73,619 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1,47,780 പേർ രോഗം ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിദിനം കുറയുകയാണ്. 24 മണിക്കൂറിനുള്ളിൽ 1,225 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,024,440 ആയി. രാജ്യത്ത് പുതുതായി 28 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 5,21,129 പേര്‍ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
രോഗബാധിതരിൽ 1,594 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,24,89,004 ആയി. നിലവില്‍ 14,307 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്‌ച രാജ്യത്ത് 6,07,987 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 78.91 കോടി കവിഞ്ഞു.
അതേ സമയം കേരളത്തിൽ 429 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,844 ആയി. 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 620 പേര്‍ രോഗമുക്തി നേടി.












Click it and Unblock the Notifications