ലൗഡ്‌സ്പീക്കര്‍ വിവാദം; കടുത്ത നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ ഭീഷണി മുഴക്കിയിരിക്കെ, ക്രമസമാധാനം ഉറപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി തുടങ്ങി. മത കേന്ദ്രങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന പോലീസ് മേധാവി രജ്‌നീഷ് സേതും, മുംബൈ കമ്മീഷണര്‍ സഞ്ജയ് പാണ്ഡെയുമാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കുക. മൂന്ന് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനം ഇറക്കുമെന്ന് ആഭ്യന്തര മന്ത്രി ദിലീപ് പാട്ടീല്‍ അറിയിച്ചു.

പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ വിലക്കുണ്ടാകില്ല. എന്നാല്‍ ശബ്ദ പരിധി നിശ്ചയിക്കും. മാത്രമല്ല, മറ്റു പരിപാടികള്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഈ നിയന്ത്രണം വന്നേക്കും. കൂടാതെ പള്ളിയുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഒരേ സമയം ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കില്ല തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് വരാന്‍ പോകുന്നത്. രാജ് താക്കറെയുടെ ഭീഷണിയുടെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്.
മെയ് 3നകം പള്ളികളില്‍ ഉച്ച ഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാണ് രാജ് താക്കറെയുടെ മുന്നറിയിപ്പ്. അല്ലെങ്കില്‍ പള്ളിക്കടുത്ത് ഹനുമാന്‍ ചാലിസ നടത്തുമെന്നും രാജ് താക്കറെ പ്രഖ്യാപിച്ചു. ഇതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് രംഗത്തുവന്നു. പള്ളികളിലെ ഉച്ചഭാഷിണി തൊട്ടാല്‍ തടയുമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് മതീന്‍ ഷെഖാനി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. പ്രകോപന പ്രസംഗത്തിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.
പള്ളികളിലെ സ്പീക്കറുകള്‍ നീക്കം ചെയ്യണമെന്ന് എംഎന്‍എസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് അമിത് ഷാക്ക് സംഘടന കത്തയച്ചു. സുപ്രീംകോടതി വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യമുണ്ട്. ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് വലിയ ശല്യമാണ്. ഏതൊരാളും അവരുടെ വിശ്വാസം വീട്ടില്‍ മാത്രം തുടരണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും രാജ് താക്കറെ പറയുന്നു. വിഷയത്തില്‍ രാജ് താക്കറെയെ പിന്തുണച്ച് ചില ബിജെപി നേതാക്കളും രംഗത്തുവന്നിരുന്നു.
കര്‍ണാടകയിലെ ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ ബാങ്ക് വിളിക്കെതിരെ രംഗത്തുവന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വിളി ഏറെ അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ ഈശ്വരപ്പ കഴിഞ്ഞ ദിവസം മന്ത്രിപദവി രാജിവച്ചു. ഉച്ചഭാഷണിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന് പ്രശസ്ത ഗായിക അനുരാധ പൗദ്വാളും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കേണ്ട ആവശ്യമില്ലെന്നു അവര്‍ പറഞ്ഞു.












Click it and Unblock the Notifications