'തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; മഹാരാഷ്ട്രയിൽ ഞെട്ടിച്ച പ്രകടവുമായി കോണ്‍ഗ്രസ്
മുംബൈ; മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്.ഇത്തവണ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് 350 സീറ്റിലാണ് വിജയിക്കാനായത്. മുംബൈയില്‍ ബി ജെ പിയാണ് ഭരണം പിടിച്ചതെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ നാലാം സ്ഥാനം നേടാനും കോണ്‍ഗ്രസിന് സാധിച്ചു.നാല് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അഞ്ചെണ്ണത്തിൽ രണ്ടാം സ്ഥാനം നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞു.
ലാത്തൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയത്. കോലാപ്പൂർ, ഭിവാണ്ടി-നിസാമ്പൂർ, ചന്ദ്രപൂർ എന്നിവിടങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നു. സാംഗ്ലി-മിരാജ്-കുപ്‌വാഡ്, നാഗ്പൂർ, അമരാവതി, അകോല, മീരാ-ഭയന്ദർ എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി മാറി. പർഭാനി, പൂനെ, ജൽന എന്നിവിടങ്ങളിലും മാന്യമായ സീറ്റുകൾ നേടി. പ്രാദേശിക തലത്തിൽ പാർട്ടിയുടെ അടിത്തറ മെച്ചപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകൾ. വഞ്ചിത് ബഹുജൻ അഘാഡിയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസ്, ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ 24 സീറ്റുകളിലാണ് വിജയിച്ചത്. മുസ്ലീം, ദളിത്, കത്തോലിക്കാ വോട്ടർമാർക്കിടയിലുള്ള സ്വാധീനം കോണ്‍ഗ്രസിനെ തുണച്ചു.

അതേസമയം താനെ, നവി മുംബൈ, ധൂലെ, ജൽഗാവ്, പിമ്പ്രി-ചിഞ്ച്‌വാഡ്, ഇച്ചൽക്കരഞ്ചി എന്നിവിടങ്ങളിൽ കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. എങ്കിലും വി ബി എയുടെ പിൻബലത്തിൽ ഇച്ചൽക്കരഞ്ചിയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞു. സോലാപൂരും നന്ദേഡും പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ നിരാശയായിരുന്നു ഫലം. സോലാപൂരിൽ കോൺഗ്രസ് വെറും 2 സീറ്റുകൾ മാത്രമാണ് നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രണീതി ഷിൻഡെ ഉണ്ടായിരുന്നിട്ടും, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ അവർക്ക് ഒരു സീറ്റും നേടാനായില്ല.പ്രാദേശിക ഘടകങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പങ്ങളാണ് സോലാപൂരിൽ കോൺഗ്രസിന്റെ പരാജയത്തിലേക്ക് നയിച്ചത്.
മുൻപ് നന്ദേഡ് കോർപ്പറേഷനിൽ കോൺഗ്രസ്സിനായിരുന്നു മുൻതൂക്കം. എന്നാൽ, അശോക് ചവാന്റെ പിന്മാറ്റവും എ ഐ എം ഐ എം മുന്നേറ്റവും ഈ പ്രദേശത്ത് പാർട്ടിയെ ദുർബലമാക്കി. 81 സീറ്റുകളിൽ കേവലം 10 എണ്ണം മാത്രം നേടിയ കോൺഗ്രസ്സ്, 15 സീറ്റുകൾ നേടിയ എ ഐ എം ഐ എമ്മിന് പിന്നിലായി.
എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തോടെ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി കോൺഗ്രസ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ബി ജെ പി, ശിവസേന (ഷിൻഡെ വിഭാഗം) എന്നിവയ്ക്ക് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുനിസിപ്പൽ കോർപ്പറേഷൻ സീറ്റുകൾ നേടിയിരിക്കുന്നതും കോണ്‍ഗ്രസ് തന്നെയാണ്.












Click it and Unblock the Notifications