പാൽഘറിൽ ഉയരെപ്പാറി ചെങ്കൊടി: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ 100 ലേറെ സീറ്റില്‍ വിജയം
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയില്‍ ആധിപത്യം തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്). പാൽഘർ ജില്ലയിലെ തലസരി, ദഹാനു താലൂക്കുകളിലെ 13 ഗ്രാമങ്ങളിലെ 100 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ സി പി എം വിജയിച്ചു. മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിക്കടുത്താണ് ദഹാനുവും തലസാരിയും എന്ന ഇരട്ട താലൂക്കുകള്‍ സ്ഥിതി ചെയ്യുന്നത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് പരമ്പരാഗതമായി സ്വാധീനുമുള്ള മേഖല കൂടിയാണ് ഇത്.
പാൽഘറിൽ സി പി എം 100 ലേറെ ഗ്രാമപഞ്ചായത്ത് സീറ്റുകൾ നേടിയതായി അഖിലേന്ത്യാ കിസാൻ മോർച്ച (എ കെ ഐ എസ്) പ്രസിഡന്റ് ഡോ.അശോക് ധാവ്ലെയും വ്യക്തമാക്കി. രണ്ട് താലൂക്കുകളിലായി സി പി എമ്മിന്റെ എട്ട് സർപഞ്ചുമാർ തിരഞ്ഞെടുക്കപ്പെട്ടതായും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം ധാവ്ലെ കൂട്ടിച്ചേർത്തു.

കവാഡ (ദർശന ബോധലെ), കരജ്‌ഗാവ് (സംഗീത ധോദാഡെ), ഉദ്‌വ (നിർമൽ ഫർലെ), കുർസെ (വിജയ് ഭോയെ), തലസാരി തഹസിൽ ഉപലാത്ത് (പ്രവീൺ ബമാനിയ), സോഗ്‌വെ (ലഹാനി ദൗദ), മോദ്ഗാവ് (രഞ്ജന), കിൻവാലി (ഷേലു ദുമാദ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട സി പി എം സർപഞ്ചുമാർ. ആകെ 167 സീറ്റിലായിരുന്നു സി പി എം സ്ഥാനാർത്ഥികള്‍ മത്സരിച്ചത്.
2019 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ദഹാനു സീറ്റില്‍ സി പി എം സ്ഥാനാർത്ഥിയായ വിനോദ് നിക്കോലെ വിജയിച്ചിരുന്നു. ബി ജെ പി സ്ഥാനാർത്ഥിയേക്കാള്‍ 4707 വോട്ടുകള്‍ നേടിയായിരുന്നു സി പി എം സ്ഥാനാർത്ഥിയുടെ വിജയം. എന്‍ സി പി പിന്തുണ പ്രഖ്യാപിച്ചതും അന്ന് ഇടത് സ്ഥാനാർത്ഥിക്ക് കരുത്തായി. 1978 ലാണ് ദഹാനും സീറ്റില്‍ സി പി എം ആദ്യമായി വിജയിക്കുന്നത്. പിന്നീട് 2009 ലും പാർട്ടി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാന്‍ പാർട്ടിക്ക് സാധിച്ചു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ വിജയം അവകാശപ്പെട്ട് ബി ജെ പി സഖ്യം രംഗത്ത് വന്നു. മൊത്തം 2,359 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 700 എണ്ണത്തിൽ വിജയിച്ചുവെന്നാണ് ബി ജെ പിയുടെ അവകാശവാദം. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 400-ലധികം ഗ്രാമപഞ്ചായത്തുകൾ നേടി രണ്ടാം സ്ഥാനത്തെത്തും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേന 262 ഗ്രാമപഞ്ചായത്തുകളുമായി മൂന്നാം സ്ഥാനത്തെത്തിയെന്നും അവകാശവാദമുണ്ട്.
കോൺഗ്രസ് 287 ഗ്രാമപഞ്ചായത്തുകളും എൻ സി പി (ശരദ് പവാർ വിഭാഗം) 144 ഉം ശിവസേന (യു ബി ടി) 115 ഉം നേടി. 327 ഗ്രാമപഞ്ചായത്തുകളിൽ സ്വതന്ത്രർ വിജയിച്ചപ്പോൾ ഗഡ്ചിരോളിയിൽ 39 എണ്ണത്തിന്റെ ഫലം ഇനിയും പുറത്ത് വന്നിട്ടില്ല. ആകെ 2,359 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിങ് രേഖപ്പെടുത്തി.












Click it and Unblock the Notifications