
അബദ്ധം ആവർത്തിക്കില്ല: ബിജെപിയെ പൂട്ടാന്‍ എംവിഎ, 2 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കും
മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പിയും കോൺഗ്രസും തമ്മിലുള്ള മറ്റൊരു വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മഹാരാഷ്ട്ര. ഇന്ന് നടക്കുന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എം എൽ സി) തിരഞ്ഞെടുപ്പിലാണ് ബി ജെ പിയും കോണ്‍ഗ്രസും വീണ്ടും മാറ്റുരയ്ക്കുന്നത്.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലില്‍ ഒഴിഴ് വരുന്ന 10 സീറ്റുകളിലേക്ക് ആകെ 11 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മഹാ വികാസ് അഘാഡി (എം വി എ) യിലെ ശിവസേന, എൻ സി പി, കോൺഗ്രസ് എന്നിവർ രണ്ട് സ്ഥാനാർത്ഥികൾ വീതവും ബി ജെ പി അഞ്ച് സ്ഥാനാർത്ഥികളേയുമാണ് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.
മെമ്മറി കാർഡിലെ തിരിമറിയെന്ത്, സത്യം പുറത്ത് വരുമോ? നിർണ്ണായക തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും

മഹാരാഷ്ട്ര നിയമസഭയിലെ നിലവിലെ അംഗബലം കണക്കിലെടുത്ത് ഒമ്പത് സ്ഥാനാർത്ഥികൾക്ക് വിജയം ഉറപ്പാണെങ്കിലും പത്താം സീറ്റിൽ കോൺഗ്രസിന്റെ മുംബൈ പ്രസിഡന്റ് ഭായ് ജഗ്താപും ബി ജെ പിയുടെ പ്രസാദ് ലാഡും തമ്മില്‍ കടുത്ത മത്സരം നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് നാലിന് അവസാനിച്ച് ഫലപ്രഖ്യാപനം 5 മണിയോടെ ഉണ്ടായേക്കും.
റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറില്‍ മൂന്ന് സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബി ജെ പി അവരുടെ അഞ്ചാം സീറ്റിലേക്ക് മത്സരിക്കുന്നത്. ജൂൺ 10 ന് ആറ് സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ മുന്നിട്ട് നിന്ന സേനയുടെ രണ്ടാം നോമിനി സഞ്ജയ് പവാറിനെ ബി ജെ പിയുടെ ധനഞ്ജയ് മഹാദിക്ക് പരാജയപ്പെടുത്തി.

ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി ജെ പി ചെറിയ പാർട്ടികളുടെയും സ്വതന്ത്രൻമാരുടെയും എം എൽ എമാരെ തങ്ങളുടെ പാളയത്തിലെത്തിച്ചും സമർത്ഥമായ വോട്ട് വിഭജനത്തിലൂടെയുമായിരുന്നു മൂന്ന് സീറ്റുകൾ കരസ്ഥമാക്കിയത്. സമാനമായ അട്ടിമറി എം എല്‍ സി തിരഞ്ഞെടുപ്പിലും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.

എന്നാല്‍ ബി ജെ പിയുടെ വിജയത്തിന് ഒരു അവസരവും നല്‍കാതെ, സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തന്ത്രം ചർച്ച ചെയ്യാൻ കോൺഗ്രസ്, എൻസിപി നേതാക്കൾ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂറുമാറ്റം തടയുന്നതിനായി മൂന്ന് പാർട്ടികളും തങ്ങളുടെ എം എൽ എമാരെ മുംബൈയിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.

സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിജയത്തില്‍ ഉറപ്പില്ലെന്ന സൂചന നല്‍കിയെങ്കിലും എം വി എയിൽ പിളർപ്പുണ്ടാകില്ലെന്ന് ഉദ്ധവ് താക്കറെ ഞായറാഴ്ച ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എംഎൽസി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് സാധ്യത തള്ളിക്കളയുകയും ചെയ്തു. "രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവി ദൗർഭാഗ്യകരമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ശിവസേന വോട്ടുകൾ ഭിന്നിച്ചില്ല. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് ധാരണയുണ്ട്. ഞങ്ങൾക്കിടയിൽ ഭിന്നതയില്ലെന്ന് എം എൽ സി തിരഞ്ഞെടുപ്പ് കാണിക്കും," അദ്ദേഹം പറഞ്ഞു. "

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 258 പേരായിരിക്കും ഇന്ന് വോട്ട് രേഖപ്പെടുത്തുക. ശിവസേന എം എൽ എ രമേഷ് ലട്കെ അടുത്തിടെ മരിച്ചപ്പോൾ, നിലവിൽ ജയിലിൽ കഴിയുന്ന രണ്ട് എൻ സി പി എംഎൽഎമാരായ അനിൽ ദേശ്മുഖിനും നവാബ് മാലിക്കും എം എൽ സി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാധിക്കില്ല. വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നേരത്തെ നിഷേധിച്ചിരുന്നു.

ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ കുറഞ്ഞത് 26 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. ഈ സാഹചര്യത്തില്‍. ചെറിയ പാർട്ടികളുടെയോ സ്വതന്ത്രരുടെയോ 29 എംഎൽഎമാർ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കും. 106 എംഎൽഎമാരുള്ള ബിജെപിക്ക് നാല് സീറ്റുകൾ അനായാസം നേടാനാകും. എന്നാൽ പ്രസാദ് ലാഡ് മത്സരിക്കുന്ന അഞ്ചാം സീറ്റിൽ പാർട്ടിക്ക് കൂറുമാറുന്നുവരുടേയും സ്വതന്ത്രരുടെയും പിന്തുണ ആവശ്യമാണ്.

55 എംഎൽഎമാരുള്ള സേനയ്ക്കും 51 എംഎൽഎമാരുള്ള എൻസിപിക്കും യഥാക്രമം രണ്ട് സീറ്റുകൾ എളുപ്പത്തിൽ നേടാനാകും, അതേസമയം 44 എംഎൽഎമാരുള്ള കോൺഗ്രസിന് അവരുടെ രണ്ടാം സ്ഥാനാർത്ഥി ഭായ് ജഗ്താപ് തിരഞ്ഞെടുക്കപ്പെടുന്നതിന് സ്വതന്ത്രന്മാരിൽ നിന്നും മറ്റ് ചെറിയ പാർട്ടികളിൽ നിന്നും കുറഞ്ഞത് എട്ട് ഒന്നാം മുൻഗണന വോട്ടുകള്‍ ആവശ്യമാണ്.