'മഹാരാഷ്ട്രീയ' നാടകം: അജിത് പവാർ ഉള്‍പ്പടെ ഒമ്പത് അംഗങ്ങള്‍ക്കെതിരെ അയോഗ്യ നടപടിയുമായി എന്‍സിപി
മുംബൈ: മഹാരാഷ്ട്രയില്‍ പാർട്ടി പിളർത്തി ലോക്നാഥ് ഷിന്‍ഡെ സർക്കാറിനൊപ്പം ചേർന്ന അജിത് പവാർ ഉള്‍പ്പടേയുള്ള ഒമ്പത് അംഗങ്ങള്‍ക്കെതിരെ അയോഗ്യത നടപടിയുമായി എന്‍സിപി. സർക്കാറിന്റെ ഭാഗമായി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവർക്കെതിരെയാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.
"അവരുടെ പ്രവൃത്തി നിയമവിരുദ്ധമാണ്, അവർ ശരദ് പവാറിനെയും പാർട്ടിയെയും ഇരുട്ടിൽ നിർത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജയപ്രകാശ് ദണ്ഡേഗാവ്കറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ അച്ചടക്ക സമിതിക്ക് ഇത് സംബന്ധി പരാതി നൽകി. അച്ചടക്ക സമിതിയുടെ ശുപാർശയെത്തുടർന്ന്, ഒമ്പത് എംഎൽഎമാർക്കെതിരായ എൻസിപിയുടെ അയോഗ്യതാ പരാതികള്‍ സംസ്ഥാന നിയമസഭയ്ക്ക് മെയിൽ മുഖേന അയച്ചു," ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പത്രസമ്മേളനത്തില്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.

"നേരിട്ടുള്ള അപേക്ഷയും ഉടൻ സമർപ്പിക്കും. വിഷയം എത്രയും വേഗം പരിഗണിക്കാന്‍ ഞങ്ങൾ സ്പീക്കർ രാഹുൽ നർവേക്കറോട് അഭ്യർത്ഥിച്ചിട്ടുണ്ട്," പാട്ടീൽ കൂട്ടിച്ചേർത്തു. ഇതേ വിഷയത്തിൽ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെയും (ഇസിഐ) സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നിമിഷം മുതല്‍ സാങ്കേതികമായി അവർ അയോഗ്യരാകുമെന്നും പാട്ടീൽ വ്യക്തമാക്കി.
പാർട്ടി നിയോഗിച്ച വിപ്പ് ഔദ്യോഗികമായി പരിഗണിക്കുമെന്ന് സുപ്രീം കോടതിയുടെ സമീപകാല വിധി വ്യക്തമായി പറയുന്നുണ്ട്. എംഎൽഎമാരുടെ എണ്ണത്തിൽ കാര്യമില്ല. അതിനാൽ, ജിതേന്ദ്ര അവാദിനെ പാർട്ടിയുടെ ഔദ്യോഗിക വിപ്പായി പരിഗണിക്കുമെന്നും ഇത് എല്ലാ എംഎൽഎമാർക്കും ബാധകമാണെന്നും സംസ്ഥാന എൻസിപി മേധാവി പറഞ്ഞു.
എന്‍സിപിയുടെ 53 എംഎൽഎമാരിൽ 37 പേരെങ്കിലും കൂറുമാറി ബിജെപി-ശിവസേന സർക്കാരുമായി കൈകോർക്കാൻ ഒരുങ്ങുമ്പോഴും താൻ നിയമപോരാട്ടത്തിനില്ലെന്നും പകരം ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങുമെന്നും പാർട്ടി ദേശിയ അധ്യക്ഷന്‍ ശരദ് പവാർ വ്യക്തമാക്കിയതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് പാർട്ടി അയോഗ്യത നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം.
"ഈ പോരാട്ടത്തെ നിയമപരമായി നേരിടേണ്ട ആവശ്യമില്ല, എൻസിപിയുടെ മേൽ ആരെങ്കിലും അവകാശവാദം ഉന്നയിച്ചാൽ എനിക്കും പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങൾ ജനങ്ങളുടെ അടുത്ത് പോയി അവരുടെ പിന്തുണ തേടും. അവർ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, " എന്നായിരുന്നു ശരദ് പവാർ പറഞ്ഞത്.
ഉപമുഖ്യമന്ത്രിയായ അജിത് പവാറിനൊപ്പം ചഗ്ഗൻ ഭുജ്ബൽ, ദിലീപ് വാൽസ് പാട്ടീൽ, ധനഞ്ജയ് മുണ്ടെ, ഹസൻ മുഷ്‌രിഫ്, ധർമോബാബ അത്രം, അദിതി തത്‌കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ തുടങ്ങിയ എട്ട് എൻസിപി എംഎൽഎമാരാണ് ഞായറാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇവർക്കെതിരെയാണ് എന്‍സിപി ഇപ്പോള്‍ അയോഗ്യത നടപടി ആരംഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications