'ഒരു പ്രശ്‌നവുമില്ല, എല്ലാം ഓക്കെയാണ്..'; ഫഡ്‌നാവിസുമായി ഭിന്നതയില്ലെന്ന് ഷിന്‍ഡെ
മുംബൈ: മഹായുതി സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ. താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള ബന്ധം 'തണ്ട തണ്ട കൂള്‍ കൂള്‍' ആണ് എന്നാണ് ഷിന്‍ഡെ പറഞ്ഞത്. ഫഡ്നാവിസിനും പവാറിനും ഒപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ മഹായുതിയില്‍ ശീതയുദ്ധം നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ ഷിന്‍ഡെ നിഷേധിച്ചു.
'ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ച് നിങ്ങള്‍ എത്ര ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കാന്‍ ശ്രമിച്ചാലും, ഞങ്ങളുടെ സഖ്യം തകരാന്‍ പോകുന്നില്ല. ഇത്രയും കത്തുന്ന ചൂടില്‍ ഒരു ശീതയുദ്ധം എങ്ങനെ ഉണ്ടാകും? നമുക്കിടയില്‍ എല്ലാം തണ്ട തണ്ട, കൂള്‍ കൂള്‍ ആണ്,' ഷിന്‍ഡെ പറഞ്ഞു. ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് പുഞ്ചിരിക്കുന്നതും കാണാമായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നിസാരക്കാരനായി കാണരുത് എന്ന് ഷിന്‍ഡെ പറഞ്ഞിരുന്നു. 2022 ല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ ഭരണകൂടത്തിന്റെ പതനത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരും തന്നെ ഗൗരവമായി എടുക്കാതിരുന്നപ്പോള്‍ നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചു എന്നായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി വിളിച്ച യോഗങ്ങളില്‍ നിന്ന് ഷിന്‍ഡെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഷിന്‍ഡെയും ഫഡ്നാവിസും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ട് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയും ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തതോടെ മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതില്‍ ഷിന്‍ഡെ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ താനും ഫഡ്നാവിസും മാത്രമാണ് പദവികള്‍ മാറിയതെന്ന് ഷിന്‍ഡെ പറഞ്ഞിരുന്നു. 'ഇത് ഞങ്ങളുടെ സര്‍ക്കാരിന്റെ രണ്ടാമത്തെ സെഷനാണ്. ഞങ്ങള്‍ (ദേവേന്ദ്ര ഫഡ്നാവിസും ഞാനും) മാത്രമാണ് റോളുകള്‍ മാറ്റിയത്. പക്ഷേ അജിത് ദാദയുടെ റോള്‍ സ്ഥിരമാണ്. എംവിഎ സര്‍ക്കാര്‍ നിര്‍ത്തിവച്ച നിരവധി പദ്ധതികള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര ബജറ്റ് അജിത് പവാര്‍ അവതരിപ്പിക്കും എന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. 2025-26 ലെ ബജറ്റ് മാര്‍ച്ച് 10 നാണ് അവതരിപ്പിക്കുക. 288 അംഗ നിയമസഭയില്‍ 230 സീറ്റുകള്‍ നേടിയാണ് മഹായുതി അധികാരം നിലനിര്‍ത്തിയത്. ബിജെപി 132 സീറ്റുകള്‍ നേടി മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവിസിലേക്ക് പോയത്.


Click it and Unblock the Notifications