ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി, ലോക്‌സഭയിൽ നിന്ന് പുറത്താക്കി
ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭംഗത്വത്തിൽ നിന്നും പുറത്താക്കി. മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍ സമർപ്പിച്ചത്. എത്തിക്സ് കമ്മിറ്റി അധ്യക്ഷനായ വിനോദ് സോൺകറാണ് റിപ്പോർട്ട് സഭയിൽ വെച്ചത്. ഇതോടെ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ബി ജെ പിയുടേത് പകപോക്കൽ രാഷ്ട്രീയമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഇത് അംഗീകരിച്ചില്ല. മഹുവ മൊയ്ത്രയ്ക്ക് എത്തിക്സ് കമ്മിറ്റി മുൻപാകെ സംസാരിക്കാൻ അവസരം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതിപക്ഷ ബഹളം ശക്തമായതോടെ രണ്ട് മണിവരെ സഭ പിരിഞ്ഞിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യുകയായിരുന്നു.
നവംബർ 9 നായിരുന്നു മഹുവയ്ക്കെതിരായ റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി സമർപ്പിച്ചത്.
മഹുവ മൊയ്ത്രയുടെ നടപടികളെ പ്രതിഷേധാര്‍ഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ് എന്നാണ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത്. മഹുവ മൊയ്ത്ര 'അനധികൃത വ്യക്തികളുമായി' ഉപയോക്തൃ ഐഡി പങ്കിട്ടെന്നും വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സൗകര്യങ്ങളും കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാസ് വേർഡ് കൈമാറിയതിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് ഉണ്ടായതെന്നും മഹുവയ്ക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് അംഗം പ്രണീത് കൗര്‍ ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പാനലിലെ നാല് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
പാർലമെൻറിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർഷൻ ഹിരാനന്ദാനിയിൽ നിന്നും മെഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മൊഹുവയ്ക്കെതിരെ ജയ് അനന്ത് ദെഹ്ദ്രോയി എന്ന അഭിഭാഷകൻ സി ബി ഐയെ സമീപിച്ചിരുന്നു. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളേയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച് അപകീർത്തിപ്പെടുത്താൻ മൊയ്‌ത്രയും ഹിരാനന്ദാനിയും ആസൂത്രണം നടത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബി ജെ പി എംപി നിഷികാന്ത് ദുബെയും മഹുവെയ്ക്കെതിരെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു.












Click it and Unblock the Notifications