കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!

Google Oneindia Malayalam News

Recommended Video

cmsvideo
പാര്‍ലമെന്റില്‍ മഹുവ മൊയ്ത്രയുടെ തീപ്പൊരി പ്രസംഗം

ദില്ലി: ഭരണകക്ഷിക്ക് മൃഗീയ ഭൂരിപക്ഷമുളള ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കുക അത്ര എളുപ്പമല്ല. അവിടെ ഒരു തുടക്കക്കാരിക്ക് എന്ത് ചെയ്യാനാകും? ആ ചോദ്യത്തിനുളള ഉത്തരമാണ് മഹുവ മൊയ്ത്ര എന്ന പേര്. ലോക്‌സഭയില്‍ നടത്തിയ കന്നി പ്രസംഗത്തില്‍ തന്നെ ബിജെപിയെ വിറപ്പിച്ച് കളഞ്ഞു മഹുവ മൊയ്ത്ര.

മഹുവയുടെ തീപ്പൊരി പ്രസംഗം പ്രതിപക്ഷത്തെ അംഗങ്ങളുടേയും കണ്ണ് തളളിച്ചു. ആദ്യം കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരിയായിരുന്നു മഹുവ. പിന്നീട് മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നു. മഹുവയുടെ തീ ചിതറുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഞെട്ടിച്ച് മഹുവ

ഞെട്ടിച്ച് മഹുവ

പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയുടെ ലോക്‌സഭയിലേക്കുളള കന്നി പ്രവേശം. 2009ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മഹുവ രാഹുല്‍ ഗാന്ധിയുടെ ആം ആദ്മി കാ സിപാഹി പദ്ധതിയുടെ മുന്നണി പോരാളി ആയിരുന്നു. കോണ്‍ഗ്രസിന് ബംഗാളില്‍ അടിത്തറ നഷ്ടപ്പെട്ടതോടെ മഹുവ തൃണമൂലിലേക്ക് ചാടി. ഇക്കുറി ആദ്യമായി ലോക്‌സഭയില്‍ എത്തിയ മഹുവ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുപോലെ ഞെട്ടിച്ച് കളഞ്ഞു.

തീപ്പൊരി പ്രസംഗം

തീപ്പൊരി പ്രസംഗം

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് തുടങ്ങിയ പ്രസംഗം പത്ത് മിനുറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ പത്ത് മിനുറ്റ് മഹുവ അക്ഷരാര്‍ത്ഥത്തില്‍ തീപ്പൊരി ചിതറിച്ചു. വിയോജിപ്പിന്റെ ശബ്ദത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയ മഹുവ തുടര്‍ന്ന് ബിജെപിയേയും മോദി സര്‍ക്കാരിനേയും പതിയെ പതിയെ വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചു. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമാകാന്‍ പോകുന്നതിന്റെ ഏഴ് ലക്ഷണങ്ങള്‍ മഹുവ അക്കമിട്ട് നിരത്തി.

ബിജെപിയുടെ ദേശീയത

ബിജെപിയുടെ ദേശീയത

ഭരണ പക്ഷ അംഗങ്ങള്‍ പലപ്പോഴായി ഉയര്‍ത്തിയ പ്രതിഷേധത്തേയും ബഹളത്തേയും മറികടന്ന് കൊണ്ട് മഹുവയുടെ ശബ്ദം ലോക്‌സഭയില്‍ ഉറക്കെ മുഴങ്ങി. മഹുവ ഫാസിസത്തിന്റെ ലക്ഷണമായി ആദ്യം ചൂണ്ടിക്കാട്ടിയത് ബിജെപി ഉയര്‍ത്തുന്ന ദേശീയതാ വാദമാണ്. ബിജെപിയുടെ ദേശീയത രാജ്യത്തെ ഒന്നിപ്പിക്കുന്നതല്ല, മറിച്ച് ഭിന്നിപ്പിക്കുന്നതാണ്. മന്ത്രിമാര്‍ക്ക് സ്വന്തം ഡിഗ്രി തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത രാജ്യത്ത് 50 വര്‍ഷം താമസിക്കുന്ന മനുഷ്യര്‍ക്ക് പൗരത്വം തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരുന്നുവെന്ന് മഹുവ കത്തിക്കയറി.

മനുഷ്യാവകാശ ലംഘനങ്ങൾ

മനുഷ്യാവകാശ ലംഘനങ്ങൾ

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് മഹുവ രണ്ടാമതായി പറഞ്ഞത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പേരിലുളള കൊലപാതകങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ വളരെ അധികം വര്‍ധിച്ചു. 2017ല്‍ രാജസ്ഥാനില്‍ കൊല്ലപ്പെട്ട പെഹ്ലു ഖാന്‍ മുതല്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട തബ്രീസ് അന്‍സാരി വരെ ആ പട്ടിക നീണ്ടുകൊണ്ടിരിക്കുകയാണെന്ന് മഹുവ ബിജെപിയുടെ മുഖത്ത് നോക്കി തുറന്നടിച്ചു.

മാധ്യമങ്ങളെ വിലക്കെടുത്തു

മാധ്യമങ്ങളെ വിലക്കെടുത്തു

രാജ്യത്തെ മാധ്യമങ്ങളെ മുഴുവന്‍ വിലക്കെടുത്തിരിക്കുകയാണ് എന്നതാണ് മഹുവയുടെ മൂന്നാമത്തെ പോയിന്റ്. രാജ്യത്തെ പ്രധാനപ്പെട്ട 5 മാധ്യമസ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരാളാണ്. ഭരണകക്ഷിയുടെ അജണ്ട നടപ്പാക്കല്‍ മാത്രമാണ് ചാനലുകള്‍ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം എവിടേയും കേള്‍ക്കാനാവുന്നില്ല. കര്‍ഷകരുടെ പ്രശ്‌നമോ തൊഴിലില്ലായ്മയോ പറഞ്ഞല്ല ഈ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചത്. വാട്‌സ് ആപ്പ് വഴി വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ചാണ് എന്നും മഹുവ കുറ്റപ്പെടുത്തി.

അജ്ഞാതനായ ഒരു ശത്രു

അജ്ഞാതനായ ഒരു ശത്രു

ദേശീയ സുരക്ഷയുടെ പേരില്‍ ബിജെപി സൃഷ്ടിക്കുന്ന മിഥ്യാഭയങ്ങളാണ് നാലാമതായി മഹുവ ചൂണ്ടിക്കാട്ടിയത്. ഇല്ലാത്ത ഭൂതത്തെ പോലെ അജ്ഞാതനായ ഒരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുകയാണ്. അത് വഴി ജനങ്ങളില്‍ ഭീതി നിറച്ചിരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ നേട്ടങ്ങളെ ഒരു വ്യക്തിയുടെ പേരില്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ യാഥാർത്ഥ്യം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ് എന്നതാണ്. കശ്മീരില്‍ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണത്തില്‍ 106 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നു.

കൂടിക്കുഴഞ്ഞ് മതവും രാഷ്ട്രീയവും

കൂടിക്കുഴഞ്ഞ് മതവും രാഷ്ട്രീയവും

അഞ്ചാമതായി മഹുവ ഉയര്‍ത്തിക്കാട്ടിയത് മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തനത്തോടുളള വിയോജിപ്പാണ്. രാമജന്മഭൂമി നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമിയെ കുറിച്ച് മാത്രമാണ് ബിജെപിക്ക് ആശങ്ക. എന്നാല്‍ അത് മാത്രമല്ല ഇന്ത്യ. അതിന് പുറത്തുളള 80 കോടി ഏക്കര്‍ ഭൂമി കൂടിയാണ് ഇന്ത്യ. ബുദ്ധിജീവികളോടും കലകളോടുമുളള അസഹിഷ്ണുതയാണ് ഫാസിസത്തിന്റെ ആറാമത്തെ ലക്ഷണമായി മഹുവ വിവരിച്ചത്. എതിരഭിപ്രായങ്ങള്‍ രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്നു.

തിരഞ്ഞെടുപ്പിലും കടന്ന് കയറ്റം

തിരഞ്ഞെടുപ്പിലും കടന്ന് കയറ്റം

ഇന്ത്യയെ യുഗങ്ങള്‍ പുറകോട്ട് അടിക്കാനാണ് ചിലരുടെ ശ്രമം. ലിബറല്‍ വിദ്യാഭ്യാസത്തിനുളള ഫണ്ട് വെട്ടിക്കുറച്ചു. സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ പലതും തിരുകി കയറ്റുന്നു. നിങ്ങള്‍ ചോദ്യം ചോദിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും ബിജെപി സർക്കാരിനോട് മഹുവ തുറന്നടിച്ചു. തിരഞ്ഞെടുപ്പ് സംവിധാനത്തിലേക്കുളള കടന്ന് കയറ്റമാണ് അവസാനത്തെ പോയിന്റായി മഹുവ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ബിജെപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ അനങ്ങിയില്ലെന്ന് മഹുവ കുറ്റപ്പെടുത്തി.

ആരുടേയും പിതൃസ്വത്തല്ല

ആരുടേയും പിതൃസ്വത്തല്ല

അമേരിക്കയിലെ ഹോളോകോസ്റ്റ് സ്മാരകത്തിലെ ഒരു പോസ്റ്ററില്‍ ഫാസിസത്തിന്റെ ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടിയ 7 കാര്യങ്ങളാണ് ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ബിജെപിക്കെതിരെ മഹുവ തന്റെ കന്നി പ്രസംഗത്തിൽ ആയുധമാക്കിയത്. തനിക്ക് വിയോജിക്കാനുളള അവകാശമുണ്ടെന്ന് പറഞ്ഞ മഹുവ ഒരു കവിതയുടെ രണ്ട് വരി കൂടി ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ''എല്ലാവരുടേയും രക്ത കണങ്ങള്‍ ഈ മണ്ണിലുണ്ട്. ഹിന്ദുസ്ഥാന്‍ ആരുടേയും അച്ഛന്റെ സ്വകാര്യ സ്വത്തല്ലല്ലോ'' എന്നതാണ് ആ വരികള്‍. മഹുവയുടെ ഈ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English summary
Trinamool MP Mahua Moitra's first speech in Lok Sabha against BJP goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X