'സ്‌പെക്ട്രം ആത്മാവിനെപ്പോലെ...' ടെലികോം ബില്ലിലെ ഭഗവത് ഗീത 'റഫറന്‍സ്', ട്രോളി മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: ടെലികോം കരട് ബില്ലിന്റെ വിശദീകരണത്തിലെ ഭഗവദ് ഗീത 'റഫറന്‍സിനെ' ട്രോളി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. സ്‌പെക്ട്രത്തെ ആത്മാവായാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.
സ്‌പെക്ട്രത്തെ 'ആത്മ' (ആത്മാവ്) അജര്‍ (വിനാശമില്ലാത്തത്), അമര്‍ (അമര്‍ത്യം) എന്നിവയുമായാണ് ടെലികോം ബില്ലില്‍ താരതമ്യം ചെയ്തിരിക്കുന്നത്. ഗീത അത്യാവശ്യമായ വായനാ സാമഗ്രിയായതിനാല്‍ ഈ കരട് ബില്ലിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ സിറ്റിംഗിലേക്ക് ഗീതയെ കൊണ്ടുപോകുമെന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

തന്റെ പാര്‍ലമെന്റ് സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസിലെ ശശി തരൂര്‍, കാര്‍ത്തി ചിദംബരം, ഡിഎംകെയുടെ തമിഴച്ചി തങ്കപാണ്ഡ്യന്‍ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം. കരട് ടെലികോം ബില്ലിന്റെ വിശദീകരണ കുറിപ്പിന്റെ അഞ്ചാം പേജിലാണ് ലോക്സഭാ എം പിയെ രസിപ്പിച്ച ഭാഗം.

'ഒരു തരത്തില്‍, സ്‌പെക്ട്രം ആത്മയോട് സാമ്യമുള്ളതാണ്, അത് ശ്രീമദ് ഭഗവദ് ഗീതയില്‍ വിവരിച്ചിരിക്കുന്ന അജര്‍, അമര്‍ ആണ്. ആത്മാവിനെപ്പോലെ, സ്‌പെക്ട്രത്തിനും ഭൗതിക രൂപമില്ല, എന്നിട്ടും അത് സര്‍വ്വവ്യാപിയാണ്,' എന്നാണ് കരട് ബില്ലില്‍ പറയുന്നത്.

'ഇതൊരു ആത്മീയ പാഠമല്ല. @DoT_India വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത ടെലികോം ബില്ലിന്റെ വിശദീകരണ കുറിപ്പിന്റെ പേജ് 5 ആണ് എന്ന് പറഞ്ഞാണ് സംഭവം മഹുവ ട്വിറ്ററില്‍ പങ്ക് വെച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സിറ്റിംഗിലേക്ക് താന്‍ ഗീതയുടെ പകര്‍പ്പ് കൊണ്ടുപോകുന്നുവെന്നും. വ്യക്തമായും അത്യാവശ്യമായ വായനാ സാമഗ്രികളാണ് ഇത് എന്നും മറ്റൊരു ട്വീറ്റല്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 20 വരെ പൊതുജനാഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊണ്ട് കരട് ബില്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, സ്‌പെക്ട്രത്തിന്റെ നിയമനം എന്നിവയുടെ വ്യവസ്ഥ, വികസനം, വിപുലീകരണം, പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങള്‍ ഏകീകരിക്കാനും ഭേദഗതി ചെയ്യാനുമാണ് ബില്‍ ലക്ഷ്യമിടുന്നത്,'' വിശദീകരണ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications