മുലായത്തിന്റെ പിന്‍ഗാമിയാകാന്‍ ഡിപിംള്‍ യാദവ്, ജയം ഉറപ്പിച്ച് എസ്പി; കോട്ട തകര്‍ക്കുമെന്ന് ബിജെപി
ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാപകനും യു പി മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗിന്റെ മരണത്തോടെ ഒഴിവ് വന്ന മെയിന്‍പുരി ലോക്സഭാ സീറ്റിലേക്ക് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കും. യാദവ് വോട്ട് ബാങ്കിന്റെ മികച്ച അടിത്തറയും മുലായം കുടുംബത്തിന്റെ ശക്തികേന്ദ്രവുമായതിനാല്‍ ബി ജെപിയുടെ വെല്ലുവിളിയെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സമാജ്‌വാദി പാര്‍ട്ടി.
ഡിസംബര്‍ അഞ്ചിനാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഈ അഞ്ചെണ്ണത്തില്‍ ഒന്നില്‍ അഖിലേഷ് യാദവും മറ്റൊന്നില്‍ അമ്മാവന്‍ ശിവ്പാല്‍ യാദവുമാണ് എം എല്‍ എമാര്‍. നേതാജിയുടെ പാരമ്പര്യവും സമാജ്വാദി പാര്‍ട്ടിയുടെ മൂല്യങ്ങളും പിന്തുടര്‍ന്ന് ഡിംപിള്‍ യാദവ് വന്‍ വിജയം നേടുമെന്ന് മുലായം സിംഗ് യാദവിന്റെ രാഷ്ട്രീയ ഗുരു നാഥു സിംഗിന്റെ മകന്‍ സുഭാഷ് ചന്ദ്ര യാദവ് പറഞ്ഞു.

മെയിന്‍പുരിയിലെ യുവാക്കളും ജനങ്ങളും എപ്പോഴും നേതാജിക്കൊപ്പമാണ് എന്നും അതിനാല്‍ അദ്ദേഹത്തിന്റെ മരുമകളെന്ന നിലയില്‍ മാത്രമല്ല മികച്ച സ്ഥാനാര്‍ത്ഥി എന്ന നിലയിലും ഡിംപിള്‍ യാദവിന് വിജയം സുനിശ്ചിതമാണ് എന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയാണ് ഇത്തവണ വെല്ലുവിളി നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. മെയിന്‍പുരി എല്ലായ്‌പ്പോഴും നേതാജിയെ പിന്തുണച്ചിട്ടുണ്ടെന്നും ഇത്തവണ ഡിംപിള്‍ യാദവിനാണ് ആ പിന്തുണയെന്നും മുന്‍ എം പി തേജ് പ്രതാപ് യാദവ് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളിലും ഭരണസംവിധാനത്തെ ബി ജെ പി ദുരുപയോഗം ചെയ്യുകയാണ്. മെയിന്‍പുരിയില്‍ എസ് പി പ്രവര്‍ത്തകരെയും പ്രതിനിധികളെയും ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ ഈ ഗിമ്മിക്കുകളൊന്നും എസ്പിയുടെ ഈ പരമ്പരാഗത സീറ്റിനെ കുലുക്കുന്നതില്‍ വിജയിക്കില്ലെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു. അതേസമയം മണ്ഡലത്തിലെ ജനങ്ങളും ഈ തെരഞ്ഞെടുപ്പിനെ നേതാജിയുടെ തെരഞ്ഞെടുപ്പായാണ് വിശേഷിപ്പിക്കുന്നത് എന്ന് ഇന്ത്യ ടുഡേ അഭിപ്രായപ്പെട്ടു.

യാദവ് കുടുംബത്തിലെ ഏതൊരു അംഗത്തിനും ഈ സീറ്റില്‍ മത്സരിക്കാമെന്ന് സൈഫായിയിലെ (മുലായം സിംഗ് യാദവിന്റെ ആദ്യ ഗ്രാമം)പ ആളുകള്‍ പറയുന്നു. മേഖലയില്‍ വികസനം കൊണ്ടുവന്നത് മുലായം സിംഗ് യാദവാണ് എന്നാണ് ഗ്രാമീണര്‍ വിശ്വസിക്കുന്നത്. എന്നാല്‍ എസ് പിയുടെ കോട്ടയില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

നേതാജിയുടെ യുഗം അവസാനിച്ചുവെന്നും മെയിന്‍പുരിയിലെ ജനങ്ങള്‍ ബി ജെ പിയുടെ വിജയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും മന്ത്രിയും മെയിന്‍പുരി സദര്‍ എം എല്‍ എയുമായ ജയ്വീര്‍ സിംഗ് പറഞ്ഞു. കുടുംബ രാഷ്ട്രീയം തള്ളി മെയിന്‍പുരിയിലും ബി ജെ പിയുടെ വികസനത്തിനും മികച്ച ഭരണത്തിനും ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് എസ് പിയുടെ ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ട് ചെയ്യലും ആളുകളെ ഭീഷണിപ്പെടുത്തലും മെയിന്‍പുരിയില്‍ പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥ മാറി. ഇന്ന് തെരഞ്ഞെടുപ്പ് സുതാര്യമാണെന്നും ഈ തെരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയുമായി ബി ജെ പി മത്സരിക്കുമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് പ്രദീപ് ചൗഹാന്‍ പറഞ്ഞു. ബി ജെ പിയുടെ സാധ്യതാ പട്ടികയില്‍ പ്രേം സിംഗ് ശാക്യ, പ്രദീപ് ചൗഹാന്‍, പ്രേംപാല്‍, സതീഷ് പാല്‍, രഘുരാജ് ശാക്യ എന്നിവരുടെ പേരുകളാണ് ഉള്ളത്.












Click it and Unblock the Notifications