കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ സുവര്‍ണകാലം തുടരുമോ? മോദിക്കെതിരെ എതിരാളികള്‍ കരുത്തരാവുന്നു!! ഒപ്പം വെല്ലുവിളികളും!!

പ്രതിപക്ഷ കക്ഷികള്‍ മോദിക്കെതിരെ കരുത്തരാവുന്നു

Google Oneindia Malayalam News

ദില്ലി: ബിജെപി അതിന്റെ 38ാം സ്ഥാപക ദിനാഘോഷങ്ങളുടെ തിരക്കിലാണ്. ഏപ്രില്‍ ആറിനായിരുന്നു പാര്‍ട്ടി സ്ഥാപക ദിനാഘോഷങ്ങള്‍ ആഘോഷിച്ച് തുടങ്ങിയത്. ചടങ്ങില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് പാര്‍ട്ടിയുടെ സുവര്‍ണകാലം തുടങ്ങിയിട്ടില്ല എന്നായിരുന്നു. ബംഗാളും ഒഡീഷയും പിടിക്കുന്നതോടെ മാത്രമേ സുവര്‍ണയുഗം തുടങ്ങുകയുള്ളൂ എന്നും ഷാ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ സുവര്‍ണയുഗം തുടങ്ങി കഴിഞ്ഞു എന്നതാണ് വാസ്തവം. ഇന്ന് രാജ്യത്ത് ബിജെപി നിഷേധിക്കാനാവാത്ത ശക്തിയാണ്. 60 കൊല്ലത്തിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസിനേക്കാളും വലിയ ശക്തിയാണ് ബിജെപി.

ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന നേതാവിന്റെ അസാമാന്യ മികവുമുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രിയെന്ന പട്ടം അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ബിജെപി എന്ന പാര്‍ട്ടിയോട് ആശയപരമായി എതിര്‍പ്പുള്ളവര്‍ ഉണ്ടെങ്കിലും ഒരു നേതാവെന്ന നിലയില്‍ മോദിയുടെ വ്യക്തിപ്രഭാവം അവര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ ബിജെപിയെ കാത്ത് നിരവധി വെല്ലുവിളികള്‍ കാത്തുനില്‍ക്കുന്നുണ്ട്. എതിരാളികള്‍ എല്ലാം മോദിക്കെതിരെ അണിനിരന്നിരിക്കുകയാണ്. കഴിഞ്ഞ നാലു കൊല്ലത്തിനിടെയുള്ള ഭരണത്തിനിടയില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ബിജെപി കടുത്ത എതിരാളികളാക്കി മാറ്റിയെന്നതാണ് വാസ്തവം. അതുകൊണ്ട് ഈ വെല്ലുവിളികള്‍ മറികടക്കേണ്ടത് ബിജെപിക്കും അമിത് ഷായ്ക്കും അത്യാവശ്യമാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്ന മഹാസഖ്യവും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇവയാണ് ബിജെപിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികള്‍.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിലവില്‍ 31 സംസ്ഥാനങ്ങളില്‍ 20 എണ്ണം ബിജെപി ഭരിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ വലിയൊരു വിഭാഗം ആളുകള്‍ പാര്‍ട്ടിയുടെ ഭാഗമായിരിക്കുകയാണ്. ഒരിക്കലും ലഭിക്കില്ല എന്ന കരുതിയ ത്രിപുരയില്‍ പോലും വെന്നിക്കൊടി പാറിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ കൈവശമുള്ള സംസ്ഥാനങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഗൗരവത്തോടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നോക്കികാണുന്നത്. ഇതില്‍ ആദ്യത്തേത് കര്‍ണാടകയാണ്. നിലവില്‍ ഇവിടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ബിജെപി. സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍ പാര്‍ട്ടിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. പ്രാദേശിക വിഷയങ്ങള്‍ വൈകാരികതയോടെ സിദ്ധരാമയ്യ അവതരിപ്പിച്ചത് ബിജെപിയെ തന്നെ ഞെട്ടിച്ചുകളഞ്ഞു. നേരത്തെ ഭരിച്ചിരുന്ന ഈ സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ഭരണത്തിലെത്താനാണ് ബിജെപിയുടെ ശ്രമം. അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, സിക്കിം എന്നിവ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇവിടം നിലനിര്‍ത്തുക എന്നതും ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ആന്ധ്രപ്രദേശ്, കര്‍ണാടക, മിസോറാം, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിലും ബിജെപി ജയസാധ്യത തേടുന്നുണ്ട്.

2019 നിര്‍ണായകം

2019 നിര്‍ണായകം

2019 ബിജെപിയെ സംബന്ധിച്ച്് നിര്‍ണായ വര്‍ഷമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നത് തന്നെ പ്രധാനപ്പെട്ട കാര്യം. അതേസമയം എന്‍ഡിഎയ്ക്കുള്ളില്‍ വിമത സ്വരങ്ങള്‍ കേട്ടുതുടങ്ങിയതിനാല്‍ ഇതിനെ ഇല്ലാതാക്കേണ്ടതും അമിത് ഷായുടെ കടമയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച് കൊണ്ട് തേരോട്ടമാണ് നടത്തിയത്. എത്രയോ കാലമായി ഒരു പാര്‍ട്ടികള്‍ക്കും കഴിയാതിരുന്ന കാര്യമാണ് ബിജെപി നിഷ്പ്രയാസം നടത്തി കാണിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 282 സീറ്റാണ് ബിജെപി നേടിയത്. എന്‍ഡിഎ സഖ്യം 336 സീറ്റ് വാരിക്കൂട്ടി. ഇതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 71 സീറ്റാണ് നേടിയത്. ഇവിടെ ആകെയുള്ളത് 80 സീറ്റാണ്. ഇതില്‍ വലിയൊരു നേട്ടം ബിജെപി സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ അത് വലിയ വെല്ലുവിളിയാണ്. ഒന്നാമത്തെ കാരണം പ്രതിപക്ഷം മോദിക്കെതിരെ ഒന്നിച്ചു എന്നതാണ്. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി കാര്യമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇവരെ പൊളിക്കാനുള്ള തന്ത്രങ്ങള്‍ അമിത് ഷാ പയറ്റുന്നുണ്ട്.

സുവര്‍ണയുഗം

സുവര്‍ണയുഗം

ഇതുവരെ കിട്ടാത്ത സംസ്ഥാനങ്ങളില്‍ ഭരണത്തിലെത്തിയാല്‍ മാത്രമേ സുവര്‍ണയുഗം തുടങ്ങുകയുള്ളൂ എന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതുകൊണ്ട് ബിജെപിയുടെ ശ്രദ്ധ ഇത്തരം സംസ്ഥാനങ്ങളിലാണ്. ദ്രാവിഡ രാഷ്ട്രീയത്തിന് വേരോട്ടമുള്ള തമിഴ്‌നാടും കമ്മ്യൂണിസത്തിന് വേരോട്ടമുള്ള കേരളവുമാണ് ഇതില്‍ പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. അണ്ണാ ഡിഎംകെയെ കൂട്ടുപിടിച്ച് തമിഴ്‌നാട്ടില്‍ ഭരണം നേടാന്‍ ബിജെപി ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഇതിന്റെ നേതൃത്വം ബിജെപിയുമായി തെറ്റിയെന്നാണ് സൂചന. ഇവരെ എങ്ങനെ അനുനയിപ്പിക്കാം എന്ന ചിന്തയിലാണ് അമിത് ഷാ. ഇനി കേരളത്തില്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ ഒന്നും പ്രബലരല്ലെന്ന തിരിച്ചടിയും അവര്‍ക്കുണ്ട്. അതോടൊപ്പം സംസ്ഥാന നേതൃത്വത്തിന് ജനങ്ങള്‍ക്കിടയില്‍ ഒട്ടും സ്വാധീനമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തെലങ്കാന, ഒഡിഷ, മിസോറാം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് കാര്യമായ പ്രാതിനിധ്യമില്ല. ഒഡീഷയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാംസ്ഥാനത്തെത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ബിജുജനതാദളും അതിന്റെ നേതാവും മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കാണ് ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

രാജ്യസഭയിലെ ഭൂരിപക്ഷം

രാജ്യസഭയിലെ ഭൂരിപക്ഷം

രാജ്യസഭയിലെ ഭൂരിപക്ഷമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. നിലവില്‍ ബിജെപി 69 സീറ്റും എന്‍ഡിഎയ്ക്ക് 87 സീറ്റുകളുമാണുള്ളത്. പക്ഷേ ഇത് ബിജെപിയെ ഒട്ടും തൃപ്തിപ്പെടുത്തുന്നില്ല. ലോക്‌സഭയില്‍ അനായാസം നടപ്പിലാക്കുന്ന ബില്ലുകള്‍ അതേ ആവേശത്തോടെ നടപ്പിലാക്കാന്‍ ബിജെപി സാധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളാണ് ഇതില്‍ പലതും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 2020ന് ശേഷം മാത്രമേ ഭൂരിപക്ഷമായ 123 സീറ്റ് ബിജെപിക്കോ എന്‍ഡിഎയെ സഖ്യത്തിനോ നേടാന്‍ സാധിക്കൂ. ഏകീകൃത സിവില്‍ കോഡും കശ്മീരിനുള്ള പ്രത്യേക അധികാരം റദ്ദാക്കലുമൊക്കെ ബിജെപി കുറച്ചു കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതൊന്നും ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ പാസാകാന്‍ പോകുന്നില്ല. ഇത് മറികടക്കാന്‍ പ്രമുഖ പാര്‍ട്ടികളെ സ്വന്തം കൂടാരത്തിലെത്തിക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

രാഹുല്‍ ഗാന്ധിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ബിജെപിക്ക് മുന്നോട്ടുള്ള കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് എന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നുണ്ട്. ഇതില്‍ പ്രധാന കാരണം രാഹുല്‍ ഗാന്ധിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ഒന്നിനും കൊള്ളില്ലെന്ന് ബിജെപി നിരന്തരം അധിക്ഷേപിച്ചിരുന്ന രാഹുല്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പുതിയ നേതാവായിട്ടാണ് എത്തിയത്. ഇതുവരെ തിരഞ്ഞെടുപ്പുകളില്‍ ജയിക്കാനായിട്ടില്ലെങ്കിലും രാഹുല്‍ ആത്മവിശ്വാസം വീണ്ടെടുത്ത് കഴിഞ്ഞു. കര്‍ണാടകയില്‍ അത് വലിയൊരു സംഭവമായി മാറിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊള്ളാനും രാഹുല്‍ തയ്യാറിയിട്ടുണ്ട്. 2019ല്‍ ബിജെപിയുടെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയായിരിക്കും രാഹുല്‍ തിരഞ്ഞെടുപ്പിനെ നേരിടുക. രാഹുലിനെ വീഴ്ത്തുക അമിത് ഷായ്ക്ക് പഴയ പോലെ അത്ര എളുപ്പമാവില്ലെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയമാകുമ്പോഴേക്ക് രാഹുല്‍ ദേശീയതലത്തില്‍ മോദിക്ക് പകരക്കാരനായ നേതാവായി മാറുമോ എന്ന ആശങ്കയും ബിജെപിക്കുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുകയാണെങ്കില്‍ മറ്റൊരു രാഹുലിനെയാവും ഇനി കാണാനാവുക എന്ന് കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നുണ്ട്.

വൈകാരിക വിഷയങ്ങള്‍

വൈകാരിക വിഷയങ്ങള്‍

ബിജെപി വൈകാരികമായി പറയുന്ന വിഷയങ്ങള്‍ നിരവധിയാണ്. എതിരാളികള്‍ തീവ്രവര്‍ഗീയതയായി പറയുന്ന കാര്യങ്ങള്‍ കൂടിയാണിത്. ഇതൊക്കെ വാക്കില്‍ മാത്രമാണ് ഉള്ളത്. ഗോവധം, ബീഫ് നിരോധനം, മുത്തലാഖ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയാണ് ബിജെപി പ്രധാനമായും ഉന്നയിച്ചിരുന്ന കാര്യങ്ങള്‍. ഇതില്‍ മുത്തലാഖ് ഏകദേശം തീരുമാനമായിട്ടുണ്ട്. എന്നാല്‍ രാജ്യവ്യാപകമായി ബീഫ് നിരോധനം സാധ്യമല്ലെന്ന് ബിജെപി മനസിലാക്കിയിട്ടുണ്ട്. ഇത് വഴി വലിയ വോട്ടുനഷ്ടം പാര്‍ട്ടിക്കുണ്ടാവും. പക്ഷേ ഗോവധം, രാമക്ഷേത്ര നിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നാണ് ബിജെപി പറയുന്നത്. അയോധ്യയിലെ രാമക്ഷേത്രം എത്രയോ കാലമായി ബിജെപിയുടെ പ്രഖ്യാപിത അജണ്ടയാണ്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് ഇതിനോട് വലിയൊരു ആവേശം ഉണ്ടായിരുന്നില്ല. എന്നാലും പാര്‍ട്ടിക്കുള്ളില്‍ തീവ്ര ചിന്താഗതിക്കാരും പുറത്തുള്ള ഹിന്ദുത്വ ഗ്രൂപ്പുകളില്‍ ഇതിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുന്നതാണ് ഇവരുടെ നീക്കങ്ങള്‍ എന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്.

അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി: ഷായുടെ പ്രസ്താവന അനാദരവ്, പ്രതിഫലിച്ചത് മാനസികാവസ്ഥയെന്ന്അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി: ഷായുടെ പ്രസ്താവന അനാദരവ്, പ്രതിഫലിച്ചത് മാനസികാവസ്ഥയെന്ന്

ദളിതരെ അവഗണിച്ചു, നാലു വര്‍ഷം ഒന്നും ചെയ്തില്ല, മോദിക്ക് സ്വന്തം പാര്‍ട്ടി എംപിയുടെ കത്ത്!!ദളിതരെ അവഗണിച്ചു, നാലു വര്‍ഷം ഒന്നും ചെയ്തില്ല, മോദിക്ക് സ്വന്തം പാര്‍ട്ടി എംപിയുടെ കത്ത്!!

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, ഇംപീച്ച്‌മെന്‍റ് പരിഹാരമല്ലെന്ന് ചെലമേശ്വര്‍സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, ഇംപീച്ച്‌മെന്‍റ് പരിഹാരമല്ലെന്ന് ചെലമേശ്വര്‍

English summary
major challenges BJP faces as it turns 38
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X