മിസോറാമിൽ മുഖ്യമന്ത്രി സോറാംതങ്കയ്ക്ക് കനത്ത പരാജയം; ഉപമുഖ്യമന്ത്രിയടക്കമുള്ളവരും തോറ്റു
ഐസ്വാൾ; മിസോറമില്‍ ഭരണകക്ഷിയായ എം എന്‍ എഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കമുള്ള നേതാക്കൾക്ക് കനത്ത പരാജയം. മുഖ്യമന്ത്രിയും എംഎന്‍എഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്ന് മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. 2101 വോട്ടുകൾക്കാണ് തോൽവി. പീപ്പിള്‍സ് മൂവ്‌മെന്റ് (സെഡ് പി എം) സ്ഥാനാര്‍ഥി ലാല്‍തന്‍സങ്കയാണ് ഇവിടെ വിജയിച്ചത്.
തുയ്‌ചാങ് സീറ്റിൽ ഉപമുഖ്യമന്ത്രി തൗൺലൂയ 909 വോട്ടിന് പരാജയം രുചിച്ചു. ഐസ്വാൾ വെസ്റ്റ്-2 സീറ്റിൽ ഗ്രാമവികസന മന്ത്രി ലാൽറുത്കിമ 4,819 വോട്ടുകൾക്കും പരാജയപ്പെട്ടു. സെഡ് പി എമ്മിന്റെ ലാൽൻഗിൻഗ്ലോവ ഹ്മറിനാണ് ഇവിടെ ജയിച്ചത്. ആരോഗ്യമന്ത്രി ആർ ലാൽതാംഗ്ലിയാന 135 വോട്ടുകൾക്ക് സൗത്ത് ടുയിപുയി സീറ്റിൽ സെഡ് പി എമ്മിന്റെ ജെ ജെ ലാൽപെഖ്‌ലുവയോടാണ് പരാജയപ്പെട്ടത്.

മിസോറാമിലെ 40 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്മെന്റ് കേവല ഭൂരിപക്ഷം മറികടന്ന് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്. നാൽപ്പത് സീറ്റിൽ 26 ഇടത്ത് സെഡ് പി എം 11 ഇടത്ത് എം എൻ എഫ് രണ്ടിടത്ത് ബി ജെ പി ഒരിടത്ത് കോൺഗ്രസ് എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ വ്യത്തമായ ആധിപത്യമായിരുന്നു സെഡ് പി എം നേടിയത്. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം മറികടക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. അതേസമയം കേവല ഭൂരിപക്ഷം തങ്ങൾ നേടിയെന്നും സർക്കാർ രൂപീകരിക്കുമെന്നും സോറം പീപ്പിൾസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗൺഗ്ലിയാന പറഞ്ഞു
'കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ കരുതുന്നു. ജയിച്ചാൽ പ്രധാന മുൻഗണന കൃഷിക്കായിരിക്കും. ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, വൈദ്യുതി, ആശയവിനിമയം, നമ്മുടെ യുവതലമുറയുടെ കാര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും', അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications