പോക്കറ്റ് ചോരാതെ നോക്കാം; ജൂൺ 1 മുതൽ മാറുന്ന ഈ 6 സാമ്പത്തിക നിയമങ്ങൾ നിങ്ങൾ അറിഞ്ഞോ?
രാജ്യത്തെ വിവിധ സാമ്പത്തിക നിയമങ്ങളിൽ ജൂൺ 1 മുതൽ സുപ്രധാനമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. നികുതിദായകർ, ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർ, സാധാരണക്കാരായ വീട്ടമ്മമാർ തുടങ്ങി എല്ലാവരെയും നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് ഇവയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജൂൺ ഒന്നു മുതൽ നിങ്ങളുടെ പോക്കറ്റിനെയും ദൈനംദിന ജീവിതത്തെയും സ്വാധീനിക്കാൻ പോകുന്ന പ്രധാനപ്പെട്ട ആറ് മാറ്റങ്ങൾ താഴെ നൽകുന്നു.
1. ശമ്പളക്കാർക്ക് ഉയർന്ന നികുതി ഇളവുകൾ
പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളക്കാരായ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷം മുതൽ വലിയ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് ഇളവ് പ്രതിമാസം 100 രൂപയിൽ നിന്നും 3,000 രൂപയായി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഹോസ്റ്റൽ അലവൻസ് ഇളവ് പ്രതിമാസം 9,000 രൂപയായും വർദ്ധിപ്പിച്ചു. ഇതിനൊപ്പം ബംഗളൂരു, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളെക്കൂടി 50% ഹൗസ് റെന്റ് അലവൻസ് (HRA) ഇളവ് ലഭിക്കുന്ന മെട്രോ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ ഈ നഗരങ്ങളിൽ താമസിക്കുന്നവർക്ക് വലിയ നികുതി ലാഭിക്കാൻ സാധിക്കും.
2. യുപിഐ പേയ്മെന്റുകൾക്ക് കനത്ത സുരക്ഷ
ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ ആപ്പുകളിൽ പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിക്കുന്നു. ഇനി മുതൽ ഉപഭോക്താക്കൾ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോഴോ മൊബൈൽ നമ്പർ രേഖപ്പെടുത്തുമ്പോഴോ, പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്കിൽ രജിസ്റ്റർ ചെയ്ത യഥാർത്ഥ പേര് സ്ക്രീനിൽ തെളിയും. തട്ടിപ്പുകാർ ആളുകളെ പറ്റിക്കാൻ ഉപയോഗിക്കുന്ന വ്യാജ ഡിസ്‌പ്ലേ പേരുകൾക്കും അപരനാമങ്ങൾക്കും പകരം കൃത്യമായ ബാങ്ക് പേര് കാണിക്കുന്നത് വഴി പണം കൈമാറും മുൻപ് ഉപഭോക്താക്കൾക്ക് ഗുണഭോക്താവിനെ ഉറപ്പുവരുത്താൻ സാധിക്കും.

3. എൽപിജി കണക്ഷനുകൾക്ക് പുതിയ നിയന്ത്രണം
നഗരങ്ങളിൽ പൈപ്പ് ലൈൻ ഗ്യാസ് (PNG) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ എൽപിജി നിയമങ്ങൾ പരിഷ്കരിക്കുകയാണ്. നിലവിൽ വീട്ടിൽ സജീവമായ പിഎൻജി കണക്ഷനുള്ള കുടുംബങ്ങൾക്ക് അതേ വിലാസത്തിൽ സബ്‌സിഡിയുള്ള ഗാർഹിക എൽപിജി കണക്ഷൻ തുടരുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായേക്കാം. സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ എണ്ണക്കമ്പനികൾ രണ്ട് കണക്ഷനുകളും ഒരുമിച്ച് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ പിഎൻജി ഇല്ലാത്ത സ്ഥലങ്ങളിലേക്ക് താമസം മാറുകയാണെങ്കിൽ, സറണ്ടർ ചെയ്ത എൽപിജി കണക്ഷൻ പിന്നീട് വീണ്ടും റീആക്ടിവേറ്റ് ചെയ്യാൻ ഉപഭോക്താക്കൾക്ക് അനുവാദമുണ്ടാകും.
4. വസ്തു ഇടപാടുകളിലെ പാൻ കാർഡ് നിയമങ്ങൾ
വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട പാൻ (PAN) കാർഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ പാൻ കാർഡ് കാണിക്കേണ്ട ഇടപാടുകളുടെ പരിധി ഉയർത്തിയിട്ടുണ്ടെങ്കിലും വലിയ തുകയുടെ ഇടപാടുകൾക്ക് കർശനമായ നിരീക്ഷണമുണ്ടാകും. 45 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾ, ഗിഫ്റ്റ് ഡീഡുകൾ, ജോയിന്റ് ഡെവലപ്‌മെന്റ് കരാറുകൾ എന്നിവയ്ക്ക് പാൻ കാർഡ് നിർബന്ധമായി തുടരും. കൂടാതെ, ഒരു വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിൽ നിന്ന് ക്യാഷ് പിൻവലിച്ചാൽ അത് റിപ്പോർട്ട് ചെയ്യപ്പെടും.
5. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയിൽ മാറ്റമില്ല
സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്ന സാധാരണക്കാരെ ബാധിക്കുന്ന പലിശ നിരക്കുകളിൽ ഈ ക്വാർട്ടറിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് മുൻപത്തെപ്പോലെ 7.1 ശതമാനം പലിശ നൽകുന്നത് തുടരുമ്പോൾ, പെൺകുട്ടികൾക്കായുള്ള സുകന്യ സമൃദ്ധി യോജന പദ്ധതിക്ക് 8.2 ശതമാനം പലിശ തന്നെ ലഭിക്കും. സാമ്പത്തിക മേഖലയിൽ പല മാറ്റങ്ങൾ നടക്കുമ്പോഴും ദീർഘകാല നിക്ഷേപകർക്ക് ഇത് സ്ഥിരത നൽകുന്നു.
6. സോളാർ പദ്ധതികൾക്ക് പുതിയ നിബന്ധന
ഇന്ത്യയിലെ പുനരുപയോഗ ഊർജ്ജ മേഖലയിൽ ജൂൺ 1 മുതൽ പുതിയ മാനദണ്ഡം നിലവിൽ വരും. സർക്കാർ സബ്‌സിഡിയോടുകൂടിയതോ നെറ്റ് മീറ്ററിങ് ഉള്ളതോ ആയ എല്ലാ സോളാർ പ്രോജക്ടുകളിലും ALMM (Approved List of Models and Manufacturers) പട്ടികയിൽ അംഗീകരിക്കപ്പെട്ട സോളാർ മോഡ്യൂളുകൾ മാത്രമേ ഉപയോഗിക്കാവൂ. ഇതിനുള്ള സമയപരിധി നീട്ടിനൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആഭ്യന്തര നിർമ്മാണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുമെങ്കിലും ഉപഭോക്താക്കൾക്ക് തുടക്കത്തിൽ ഇൻസ്റ്റലേഷൻ ചെലവ് അല്പം കൂടാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications