മണിപ്പൂർ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം തീപിടിത്തം; കാരണം അവ്യക്തം
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയുടെ ഇംഫാലിലെ വസതിക്ക് സമീപം തീപിടിത്തം. അതീവ സുരക്ഷയുള്ള സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തിൽ ആണ് വൻ തീപിടിത്തമുണ്ടായച്. മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക വസതിയിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം. നാല് അഗ്നിശമന സേനാ വാഹനങ്ങൾ ഉടൻ സ്ഥലത്തെത്തിയിരുന്നു.
വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ ബംഗ്ലാവിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. തീപിടിത്തത്തെ തുടർന്ന് പരിസരത്ത് സുരക്ഷ ശക്തമാക്കി. മണിപ്പൂരിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ തുടർന്ന് താമസക്കാർ നേരത്തെ തന്നെ വീട് ഒഴിഞ്ഞിരുന്നു. ഗാൽവനൈസ്ഡ് ടിൻ ഉപയോഗിച്ച് തടിയിൽ തീർത്ത മേൽക്കൂരയിലെ തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്‌സ് കുറേ സമയം എടുത്തു. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കുകയാണ് ഇപ്പോൾ അധികൃതർ.

ഗോവ മുൻ ചീഫ് സെക്രട്ടറിയും അന്തരിച്ച ഐ എ എസ് ഉദ്യോഗസ്ഥനുമായ ടി.കിപ്ഗൻ്റെ കുടുംബത്തിൻ്റേതായിരുന്നു ഉപേക്ഷിക്കപ്പെട്ട കെട്ടിടം. കഴിഞ്ഞ വർഷം മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതു മുതൽ കെട്ടിടത്തിൽ ആളില്ല. ലാംബുലൈനിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ വസതി, പോലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരിൽ സംഘർഷം തുടരുമ്പോഴാണ് ഇംഫാലിൽ തീപിടിത്തം ഉണ്ടായിരിക്കുന്നത്. തീപിടത്തെ തുടർന്ന് അധികൃതർ അതീവ ജാഗ്രതയിലാണ്, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.












Click it and Unblock the Notifications