ഗുജറാത്തിൽ വൻ വിമാന അപകടം; എയർ ഇന്ത്യ വിമാനം തകർന്ന് വീണു,വിമാനത്തിലുണ്ടായിരുന്നത് 242 പേർ
അഹമ്മദാബാദ്; ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് AI171 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ നൂറിലേറെ പേർ മരിച്ചെന്ന് ആദ്യ റിപ്പോർട്ട്, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്..ടേക്ക് ഓഫിനിടെ വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ചാണ് അപകടം നടന്നതെന്നാണ് വിവരം. രണ്ട് പൈലറ്റുമാരും 10 കാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ഉണ്ടായതായി സൂചനയുണ്ട്.

ഉച്ചയ്ക്ക് 1.10 ഓടയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ അപകടം സംഭവിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിന് സമീപം മെഗാനി നഗറിൽ ജനവാസ മേഖലയിലാണ് വിമാനം തകർന്ന് വീണത്. സംഭവ സ്ഥലത്ത് നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫയർ എഞ്ചിനുകളും ആംബുലൻസും ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിന് അർദ്ധസൈനികവിഭാഗത്തേയും എൻഡിആർഎഫ് സംഘത്തേയും വിന്യസിച്ചിട്ടുണ്ട്.
യാത്രക്കാരിൽ 169 ഇന്ത്യക്കാരാണ്. 61 പേർ വിദേശ പൗരൻമാരും. ഗുരുതരമായി പരിക്കേറ്റ 25 പേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ പരിക്കേറ്റവർ വിമാനത്തിലെ യാത്രക്കാരാണോ അതോ അപകടത്തിൽപ്പെട്ട പ്രദേശവാസികളാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം വലിയ ഞെട്ടലിലാണെന്നും രക്ഷാപ്രവർത്തനം നേരിട്ട് നിരീക്ഷിച്ച് വരികയാണെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പ്രസ്താവനയിൽ പറഞ്ഞു.
'അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ച് വരുന്നു. എല്ലാ വ്യോമയാന , അടിയന്തര സർവ്വീസുകൾക്കും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തകരേയും സജ്ജമാക്കിയിട്ടുണ്ട്. വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്', മന്ത്രി പറഞ്ഞു.
എയർ ഇന്ത്യയുടെ 11 വർഷം പഴക്കമുള്ള ബോയിങ് 787 ഡ്രീം ലൈനർ വിമാനമാണ് തകർന്ന് വീണത്. ക്യാപ്റ്റൻ സുമീത് സഭർവാൾ, ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ എന്നിവരാണ് വിമാനം പറത്തിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. സുമീത് സഭർവാലിന് 8200 മണിക്കൂറും ക്ലൈവ് കുന്ദറിന് 1100 മണിക്കൂറും വിമാനം പറത്തിയ പരിചയം ഉണ്ടെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവ്വീസുകൾ ഉണ്ടാകില്ലന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications