ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് മാഗിയുണ്ടാക്കി: വീഡിയോ വൈറല്‍; നടപടിയുമായി റെയില്‍വേ
മുംബൈ: ഇന്ത്യന്‍ റെയില്‍വേയുടെ എസി കോച്ചില്‍ ഒരു യാത്രക്കാരി ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് മാഗി നൂഡില്‍സ് പാചകം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നടപടിയുമായി റെയില്‍വേ. മഹാരാഷ്ട്രക്കാരിയായ ഒരു സ്ത്രീയാണ് ട്രെയിനില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സോക്കറ്റില്‍ കെറ്റില്‍ നേരിട്ട് പ്ലഗ് ചെയ്ത് മാഗി ഉണ്ടാക്കിയത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേരാണ് സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. പൊതു ഇടങ്ങളില്‍ പാലിക്കേണ്ട പൗരബോധത്തെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
കുറഞ്ഞ വാട്ടേജ് ഉപകരണങ്ങള്‍ക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് ട്രെയിനുകളിലെ പവര്‍ സോക്കറ്റുകള്‍. എന്നാല്‍, ഉയര്‍ന്ന വാട്ടേജ് ഉപകരണമായ കെറ്റില്‍ ഇതില്‍ ഉപയോഗിച്ചത് അപകടകരമാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന വാട്ടേജുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ കണക്ട് ചെയ്യുന്നത് സോക്കറ്റ് അമിതമായി ചൂടാകുന്നതിനും, വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടിനും തീപിടിത്തത്തിനും വരെ കാരണമായേക്കാം.

ഇത് നിയമവിരുദ്ധവും അപകടവുമാണെന്നാണ് യാത്രക്കാരുടെ പ്രതികരണം. ഇത് ഒരു കുറ്റകൃത്യമാണെന്നും റെയില്‍വേ സ്ത്രീക്കെതിരേ നടപടി എടുക്കണമെന്നും പലരും ആവശ്യപ്പെടുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു.
അപകടങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരേ യാത്രക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്നും അധികൃതര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.












Click it and Unblock the Notifications