
മലബാര്‍ സമര പോരാളികള്‍ക്കെതിരായ നീക്കം; ഡല്‍ഹിയില്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം
ന്യൂഡല്‍ഹി: മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക ഉള്‍ക്കൊള്ളുന്ന ചരിത്ര രേഖയില്‍ നിന്നു നീക്കം ചെയ്യാനുള്ള ഐസിഎച്ച്ആറിന്റെ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് എംപിമാര്‍ ഗാന്ധി പ്രതിമക്കു മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി. മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി മാരായ പിവി അബ്ദുല്‍ വഹാബ്, ഡോ എംപി അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവരാണ് പ്രതിഷേധിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വക്രീകരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്ന് സംഗമത്തിന്റെ മുന്നോടിയായി വിജയ് ചൗക്കില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട എംപിമാര്‍ പറഞ്ഞു.
വളരെ തെറ്റായ ഒരു നടപടിയാണിത്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ തമസ്ക്കരിക്കുകയാണ്. പ്രസിദ്ധ ചരിത്രകാരന് എംജിഎസ് നാരായണന് ചൂണ്ടിക്കാണിച്ചതുപോലെ മലബാര്‍ സമരത്തെ വര്‍ഗീയ വല്ക്കരിക്കുന്നതും അവരെ ചരിത്രത്തില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയ ലക്ഷ്യം കൊണ്ടു മാത്രമാണ്. ഇതിനെതിരായി ശക്തമായ സമീപനങ്ങള്‍ എടുക്കുകയും ഇന്ത്യന്‍ പാര്‍ലമെന്റിലും കേരള നിയമസഭയിലും മറ്റു വേദികളിലുമെല്ലാം സജീവമായി ഇടപെടുകയും ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും എംപിമാര്‍ പറഞ്ഞു.
തിരിച്ചടിച്ച് ദിലീപ്!! എല്ലാം മിമിക്രി... ഫോണ്‍ രേഖ നീക്കിയത് ഞാന്‍; ഗൂഢാലോചനയില്‍ സിനിമാക്കാരും
ഐസിഎച്ച്ആറിന്റെ തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് ടിഎന്‍ പ്രതാപന് എംപി ആവശ്യപ്പെട്ടു. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി ഇഎന്‍ മോഹന്‍ദാസും ആവശ്യപ്പെട്ടു. മലബാര്‍ സമരത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവില്‍ നിന്നു നീക്കം ചെയ്യുന്നതിനുള്ള തീരുമാനം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ഇടി മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും ലോക് സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
'മലബാര്‍ സമരത്തില്‍ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകള്‍ ഐസിഎച്ച്ആര്‍ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തതായും, ഈ ശുപാര്‍ശ സാംസ്കാരിക മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്കരിക്കുമെന്നും അറിയുന്നു. ഇത് അങ്ങേയറ്റം അപലപനീയവും ആക്ഷേപാര്‍ഹവും സത്യസന്ധമായ ചരിത്രത്തെ അപകടപ്പെടുത്തുന്നതിന് തുല്യവുമാണെന്നും' ലീഗ് എംപി മാര്‍ നല്കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ പറഞ്ഞു.