മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; ലീഗ് കളത്തില്‍, സിപിഎമ്മോ, തോല്‍ക്കുമെന്നറിഞ്ഞിട്ടും?
മലപ്പുറം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 12ന് തന്നെ ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറിലും വോട്ടെടുപ്പ് നടക്കും.
ദില്ലി: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മാര്‍ച്ച് 24 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അന്തിമ ഘട്ട ചര്‍ച്ചകളിലാണ്.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മലപ്പുറം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 12ന് തന്നെ ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറിലും വോട്ടെടുപ്പ് നടക്കും.

മാര്‍ച്ച് 24നകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധന 27 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 29 ആണ്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

മലപ്പുറത്തെ കൂടാതെ ജമ്മു കശ്മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഇവിടെ ഒരു മണ്ഡലത്തില്‍ ഏപ്രില്‍ 12ന് തന്നെയാണ് വോട്ടെടുപ്പ്. മറ്റൊന്നില്‍ ഏപ്രില്‍ ഒമ്പതിനും. സുരക്ഷ കണക്കിലെടുത്താണ് കശ്മീരില്‍ വോട്ടെടുപ്പ് രണ്ട് ദിവസമാക്കിയത്.

കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറം, ആര്‍കെ നഗര്‍, സിക്കിം എന്നിവിടങ്ങളില്‍ ഏപ്രില്‍ 12നും ബാക്കി മണ്ഡലങ്ങളില്‍ ഏപ്രില്‍ ഒമ്പതിനുമാണ് വോട്ടെടുപ്പ്. എല്ലായിടത്തേയും ഫല പ്രഖ്യാപനം ഏപ്രില്‍ 17നായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മലപ്പുറത്ത് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ഥി ആരാണെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടി തന്നെയാവും മലപ്പുറത്ത് പോരിനിറങ്ങിക. എന്നാല്‍ ഇടതുപക്ഷം ആരെ ഇറക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനം. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം മലപ്പുറം പച്ചക്കോട്ടയാണ്. ആരെ നിര്‍ത്തിയാലും ജയിക്കും. അതുകൊണ്ടു തന്നെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനാണ് അവര്‍ നീക്കം നടത്തുന്നത്.

കഴിഞ്ഞ തവണ ഇടതുപക്ഷം നിര്‍ത്തിയത് ദുര്‍ബലയായ സ്ഥാനാര്‍ഥിയെ ആയിരുന്നു. സിപിഎമ്മിന്റെ പികെ സൈനബയാണ് അഹമ്മദിനെ നേരിട്ടത്. അതുകൊണ്ടുതന്നെ അഹമ്മദിന്റെ ഭൂരിപക്ഷം 1.94 ലക്ഷം കടന്നു. ഇത്തവണ സിപിഎം ആരെ നിര്‍ത്തുമെന്ന കാര്യത്തില്‍ അന്തിമ ചര്‍ച്ച നടക്കുന്നതായാണ് വിവരം.

രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈയിലാണ്. അതിന് മുമ്പ് ഇലക്ട്രല്‍ കോളജില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടതുണ്ട്.

ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് മുസ്ലിം ലീഗിന്റെ അടുത്ത ലക്ഷ്യം. 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇ അഹമ്മദ് ജയിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥി അത് മറികടക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷമെങ്കിലും നേടണമെന്നാണ് നേതൃത്വങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് ജനകീയ നേതാവ് എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിയെ തന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ചില നടപടികളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടി നടത്തുന്നുണ്ട്. പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതിന് അടുത്തിടെ കോഴിക്കോട് ലീഗ് ഹൗസില്‍ നേതൃയോഗം ചേര്‍ന്നിരുന്നു. ദേശീയ എക്സിക്കുട്ടീവ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തു. വോട്ടര്‍മാരെ കൂടുതല്‍ ചേര്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയോജകമണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കമ്മിറ്റികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പലയിടത്തും നടക്കാനിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളും തകൃതിയാണ്. കോണ്‍ഗ്രസുമായി പല പഞ്ചായത്തുകളിലും പ്രശ്നങ്ങളുണ്ട്. അതു പറഞ്ഞുതീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒഴിവുവരുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ മല്‍സരിപ്പിക്കാനാണ് ധാരണ. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ വഹിക്കുന്ന പ്രതിപക്ഷ ഉപനേതാവ് പദവി കെപിഎ മജീദായിരിക്കും ഇനി വഹിക്കുക. അതു വഴി എംകെ മുനീര്‍ പ്രതിപക്ഷ ഉപനേതാവാകാനുള്ള സാധ്യത ഇല്ലാതാക്കുക എന്ന ലക്ഷ്യവും കുഞ്ഞാലിക്കുട്ടിക്കുണ്ടെന്നാണ് ചില നേതാക്കള്‍ പറയുന്നത്.

നിലവില്‍ മലപ്പുറവും വേങ്ങരയും മുസ്ലിം ലീഗിന് ഉറച്ച സീറ്റുകളാണ്. ആരെ നിര്‍ത്തിയാലും ജയിക്കും. നേരത്തെ മങ്കടയിലും പിന്നീട് മഞ്ചേരിയിലും മല്‍സരിച്ച മജീദ് പരാജയപ്പെട്ടിരുന്നു. പിന്നീട് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോവുന്ന അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്ററി രംഗത്തേക്ക് ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുനമാനം.












Click it and Unblock the Notifications