പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു; മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളിൽ അഭിനയിച്ച താരം
ചെന്നൈ: പ്രശസ്ത നടൻ രവി കുമാർ ( 71 ) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായ അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അദ്ദേഹം മരണപ്പെട്ടത്. ഭൗതിക ശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും. സംസ്കാരം നാളെ.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൃശൂർ സ്വദേശികളായ കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനാണ്. ചെന്നൈയിലാണ് അദ്ദേഹം ജനിച്ചത്. 1967 ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയാണ് രവി കുമാറിന്റെ അരങ്ങേറ്റം. എം കൃഷ്ണൻ നായരിന്റെ സംവിധാനത്തിൽ 1967 ൽ പുറത്തിറങ്ങിയ അമ്മ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ശ്രദ്ധേയനാവുന്നത്.
അവളുടെ രാവുകൾ, അനുപല്ലവി, അങ്ങാടി തുടങ്ങി നിരവധി സിനമകളിൽ അഭിനയിച്ചു. അവസാനമായി അഭിനയിച്ചത് ആറാട്ട്, സി ബി ഐ 5 എന്നീ ചിത്രങ്ങളിലാണ്. അദ്ദേഹം അഭിനയിച്ച പാട്ടുകൾ ആ സമയത്ത് ഹിറ്റായിരുന്നു. എൻ സ്വരം പൂവിടും ഗാനമേ , സ്വർണ മീനിന്റെ തുടങ്ങിയ പാട്ടുകൾ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്..












Click it and Unblock the Notifications