'എതിരാളികള്‍ ശക്തര്‍.. ഇവരെ അവഗണിക്കരുത്, നീതി ലഭിക്കണം'; ഗുസ്തി താരങ്ങളെ പിന്തുണച്ച് ടൊവിനോ
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര കായിക വേദികളില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങള്‍ എന്ന് ടൊവിനോ തോമസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ടൊവിനോ തോമസിന്റെ പ്രതികരണം.
എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഗുസ്തി താരങ്ങള്‍ തഴയപ്പെട്ടുകൂടാ എന്നും ടൊവിനോ തോമസ് പറഞ്ഞു. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവരാണ് എന്ന പരിഗണനകള്‍ നല്‍കേണ്ട എന്നും പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ എന്നും ടൊവിനോ തോമസ് വ്യക്തമാക്കി.

നേരത്തെ നടി അപര്‍ണ ബാലമുരളി, സംവിധായക അഞ്ജലി മേനോന്‍, മലയാളി കായിക താരങ്ങളായ സി കെ വിനീത് ടോം ജോസഫ് എന്നിവരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് ഹൃദയഭേദകമാണ് എന്നാണ് അഞ്ജലി മേനോന്‍ പറഞ്ഞത്.
ഈ താരങ്ങള്‍ ഓരോരുത്തരും വലിയ പോരാട്ടത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നും അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കാനാകണം എന്നുമായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്. അഭിനവ് ബിന്ദ്ര ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ പിന്തുണയെ അഞ്ജലി അഭിനന്ദിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് കൂടുതല്‍ പിന്തുണ വേണം എന്നും അഞ്ജലി മേനോന്‍ പറഞ്ഞിരുന്നു.
നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു അപര്‍ണ ബാലമുരളി പറഞ്ഞത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട സമയം അതിക്രമിച്ചെന്നും പൂജിക്കേണ്ട താരങ്ങളെയാണ് ഉപദ്രവിക്കുന്നതെന്നുമാണ് സി കെ വിനീത് പറഞ്ഞത്. ഒളിമ്പിക് മെഡല്‍ നേടിയ താരങ്ങളെ വിശ്വസിക്കാന്‍ പോലും കൂട്ടാക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്നും വിനീത് കുറ്റപ്പെടുത്തിയിരുന്നു.
ബി ജെ പി എം പി കൂടിയായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ നേടിയെടുത്ത മെഡലുകള്‍ ഗംഗയിലെറിയാന്‍ താരങ്ങള്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ഇതിനായി ഹരിദ്വാറിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കള്‍ മെഡലുകള്‍ വാങ്ങി അവരെ പിന്തിരിപ്പിക്കുകയായിരുന്നു. രാകേഷ് ടിക്കായത്തും നരേഷ് ടിക്കായത്തും ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ താരങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഗുസ്തി സമരങ്ങള്‍ക്ക് കര്‍ഷകര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഞായറാഴ്ച ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യ ഗേറ്റില്‍ പ്രതിഷേധിക്കും എന്ന് താരങ്ങള്‍ അറിയിച്ചതിന് പിന്നാലെ ഇവിടെ പ്രതിഷേധം അനുവദിക്കില്ല എന്ന് പൊലീസ് പറഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications