ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി: എസ് സോമനാഥ് പുതിയ ചെയർമാനാകും
ദില്ലി: ഐ എസ് ആർ ഒ തലപ്പത്ത് വീണ്ടും മലയാളി സാന്നിധ്യം. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പുതിയ ചെയർമാനായി എസ് സോമനാഥ് നിമയിതനാവും. വിരമിക്കുന്ന നിലവിലെ ചെയർമാന്‍ കെ ശിവന് പകരക്കാരനായിട്ടാണ് സോമനാഥ് നിയമിതനാവുന്നത്. നിലവില്‍ വി എസ് എസ് സി ചെയർമാനാണ്. ഐ എസ് ആർ ഒ തലപ്പത്ത് എത്തുന്ന മൂന്നാമത്തെ മലയാളിയാണ് എസ് സോമനാഥ്. ജനുവരി 14നാവും ഐ എസ് ആർ ഒ ചെയർമാനായി എസ് സോമനാഥ് ചുമതലയേല്‍ക്കുക.
ഇന്ത്യയിൽ DoS, Isro, IN-SPAce, വ്യവസായം എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളും ഉൾപ്പെടുന്ന ഒരു ബഹിരാകാശ സംരംഭം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമെന്നായിരുന്നു പുതിയ ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി സോമനാഥ് ടൈംസ് ഓഫ് ഇന്ത്യയോടെ പ്രതികരിച്ചത്.. ബഹിരാകാശ പരിപാടി വലിയ തോതിൽ വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം സ്റ്റാർട്ടപ്പുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഎസ്‌എസ്‌സി ഡയറക്ടറാകുന്നതിന് മുമ്പ്, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽ പി എസ് സി) ഡയറക്ടറായി രണ്ടര വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് സോമനാഥ്. കൊല്ലത്തെ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐ ഐ എ സ് സി) നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ മാസ്റ്റേഴ്‌സും ഉയർന്ന റാങ്കോടെ സ്വന്തമാക്കിയ വ്യക്തിയാണ് സോമനാത്.
1985-ൽ വിഎസ്എസ്‌സിയിൽ ചേർന്ന അദ്ദേഹം ആദ്യഘട്ടങ്ങളിൽ പിഎസ്എൽവിയുടെ സംയോജനത്തിന്റെ ടീം ലീഡറായിരുന്നു. പിഎസ്എൽവി പ്രോജക്ട് മാനേജർ എന്ന നിലയിൽ മെക്കാനിസം, പൈറോ സിസ്റ്റംസ് ഇന്റഗ്രേഷൻ, സാറ്റലൈറ്റ് ലോഞ്ച് സർവീസ് മാനേജ്മെന്റ് എന്നീ മേഖലകൾ അദ്ദേഹം കൈകാര്യം ചെയ്തു. 2003-ൽ ജിഎസ്എൽവി എംകെഐഐഐ പദ്ധതിയിൽ ചേർന്ന അദ്ദേഹം 2010 ജൂൺ മുതൽ 2014 വരെ ജിഎസ്എൽവി എംകെ-III പ്രോജക്ട് ഡയറക്ടറാകുന്നതിന് മുമ്പ് വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന, ദൗത്യ രൂപകൽപ്പന, ഘടനാപരമായ രൂപകൽപ്പന, സംയോജനം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, കെയർ മിഷന്റെ ആദ്യ പരീക്ഷണ പറക്കൽ 2014 ഡിസംബർ 18-ന് വിജയകരമായി പൂർത്തിയാക്കി. ലോഞ്ച് വെഹിക്കിളുകളുടെ സിസ്റ്റം എൻജിനീയറിങ് മേഖലയിൽ അദ്ദേഹം വിദഗ്ധനാണ്.












Click it and Unblock the Notifications