ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും?; പ്രധാനമന്ത്രി നാളെ പേരുകൾ പ്രഖ്യാപിക്കും
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമാകുന്ന ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങൾ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഇന്ത്യയുടെ അഭിമാന ദൗത്യത്തിൽ 4 യാത്രികരാണ് ഉൾപ്പെട്ടിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ ഇവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. വി എസ് എസ് സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ബഹിരാകാശ മേഖലയ്ക്ക് ലോകോത്തര സാങ്കേതികസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന മൂന്ന് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. ഏകദേശം 1800 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം നടത്തുക.

ഗഗൻയാൻ പദ്ധതിയുടെ നാല് ടെസ്റ്റ് പൈലറ്റുമാരും റഷ്യയിലാണ് പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. ഇവർ നാട്ടിൽ തിരിച്ചെത്തി ഐ എസ് ആർ യിൽ നിന്ന് പരിശീലന നേടിയിരുന്നു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കാനാണ് ഗഗൻയാൻ ദൗത്യം ലക്ഷ്യം ഇടുന്നത്. ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത 'വ്യോമമിത്ര'യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈവര്‍ഷം ജൂണിൽ വിക്ഷേപിക്കാനാണ് ഐ എസ് ആർ ഒ പദ്ധതിയിടുന്നത്. ഇത്തരത്തിൽ രണ്ട് ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ബഹിരാകാശ യാത്രികരുമായി ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക.
മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്തേക്ക് എത്തിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുകയാണ് ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. ചന്ദ്രയാൻ ,മംഗൾയാൻ എന്നീ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിലൂടെ അന്തരാഷ്ട്ര രംഗത്ത് വലിയ പ്രശംസ നേടിയെടുക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിലും മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് മറികടന്ന് ബഹിരാകാശ രംഗത്ത് സൂപ്പർ പവർ ആകുകയെന്നതാണ് ഗഗൻയാൻ പദ്ധതിയിലൂടെ ഇന്ത്യ തയ്യാറെടുക്കുന്നത്.
അതേസമയം ഇന്ത്യ ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചിട്ടില്ലെങ്കിലും ഇന്ത്യക്കാർ ബഹിരാകാശത്ത് കാലുകുത്തിയിട്ടുണ്ട്. വ്യോമയാന ഉദ്യോഗസ്ഥനായ രാകേഷ് ശർമ, കല്‍പന ചൗള എന്നിവരായിരുന്ന ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാർ. രാകേഷ് ശർമ റഷ്യന്‍ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി സോയൂസ് ടി 11 എന്ന വാഹനത്തിലും കൽപന ചൗള 1997 ല്‍ അമേരിക്കയുടെ കൊളംബിയ എന്ന ബഹിരാകാശ പേടകത്തിലുമാണ് ബഹിരാകാശത്ത് എത്തിയത്.












Click it and Unblock the Notifications