പാംപോര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനാല്‍ തിരിച്ചുപോരാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് ദുരന്തം. കണ്ണൂര്‍ സ്വദേശിയാ നായിക് രതീഷ് കഴിഞ്ഞ ഒമ്പതിനാണ് കശ്മീരിലേക്ക് അവധി കഴിഞ്ഞു പോയത്
ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഇന്നലെയുണ്ടായ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോലിപ്രം സ്വദേശി ചക്കാലക്കണ്ടി വീട്ടില്‍ രതീഷാണ് (35) മരിച്ചത്. പയ്യാടക്കല്‍ രാഘവന്‍ നമ്പ്യാര്‍-ഓമന ദമ്പതികളുടെ ഏക മകനായ നായിക് രതീഷ് അടുത്തിടെ അവധിക്ക് വന്ന്് ഈ മാസം 9നാണ് കശ്മീരിലേക്ക് തിരിച്ചുപോയത്. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനാല്‍ തിരിച്ചുവരാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ജ്യോതിയാണ് ഭാര്യ. എട്ട് മാസം പ്രായമുള്ള കാശിനാഥന്‍ മകനാണ്. ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും.

ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണമുണ്ടായത്. ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന കഡ്‌ലബല്‍ എന്ന സ്ഥലത്തുകൂടെ ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ അക്രമികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. റാഞ്ചി സ്വദേശി ശശികാന്ത് പാണ്ഡെ, പൂനെ സ്വദേശി സൗരഭ് നന്ദകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു സൈനികര്‍.
മൂന്നുപേര്‍ക്കും അന്ത്യോപചാരമര്‍പ്പിക്കാന്‍ കശ്മീര്‍ പോലിസിലെയും സിആര്‍പിഎഫിലെയും ബിഎസ്എഫിലേയും ഉന്നത ഉദ്യോഗസ്ഥര്‍ ബദാമി ബാഗ് ആസ്ഥാനത്തെത്തി. തിരിച്ചടിച്ചാല്‍ സാധാരണക്കാര്‍ക്ക് അപായം സംഭവിക്കുമെന്ന് ഭയന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. പാംപോറില്‍ ജൂണ്‍ 25നും ആക്രമണമുണ്ടായിരുന്നു.












Click it and Unblock the Notifications