യുവതിയെ നിരന്തരം ശല്യം ചെയ്തവരെ വെടിവെച്ച് മലയാളി, ഒരാൾ കൊല്ലപ്പെട്ടു; ഞെട്ടിക്കുന്ന ദൃശ്യം
മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ ശല്യം ചെയ്യുകയും, ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത മൂന്ന് പേരെ വെടിവെച്ച് മലയാളി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ ജയൻ ശിവാനന്ദൻ നായർ എന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.
തർക്കവും വെടിവെയ്പ്പും
ജയൻ ശിവാനന്ദൻ നായരുടെ അയൽവാസിയും അദ്ദേഹം സഹോദരിയെപ്പോലെ കരുതുന്നതുമായ യുവതിയെ ഒരു സംഘം യുവാക്കൾ നിരന്തരം ശല്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. അബ്ദുൾ ഷെയ്ഖ്, അക്ബർ അഹമ്മദ്, സമീർ ഷെയ്ഖ് എന്നിവർ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് ജയൻ നായരും യുവാക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച വീണ്ടും ശല്യം തുടർന്നതോടെ പ്രകോപിതനായ ജയൻ തന്റെ പക്കലുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Mumbra, Thane - A man opened fire in a crowded area of Mumbra late Thursday night, killing one person and seriously injuring two others over an alleged long-standing dispute involving the harassment of his sister. pic.twitter.com/Y0EHF32214
— NextMinute News (@nextminutenews7) April 3, 2026
ഒരാൾ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
വെടിയേറ്റ മൂന്നുപേരെയും ഉടൻ തന്നെ കൽസേക്കർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ബർ അഹമ്മദ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജയൻ നായരെ നാട്ടുകാർ തടഞ്ഞുവെക്കുകയും തുടർന്ന് മുമ്പ്ര പോലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ പക്കൽ നിന്ന് തോക്ക് പോലീസ് പിടിച്ചെടുത്തു.

കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ജയൻ നായർക്കെതിരെ കേസെടുത്തിരിക്കുന്നത്. ജയൻ ശിവാനന്ദൻ മുംബൈയിൽ ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് മുമ്പ്ര പോലീസ് കമ്മീഷണർ അനിൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുന്നതോടൊപ്പം തോക്കിന്റെ ഉറവിടം കണ്ടെത്താനായി ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.












Click it and Unblock the Notifications