കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി; ഗുരുതരമായ വിഷയം എന്ന് സായ്
റായ്പൂര്‍: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. സ്ത്രീ സുരക്ഷാ പ്രശ്‌നമാണിതെന്നും രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു, മനുഷ്യക്കടത്തിന് ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കന്യാസ്ത്രീകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജൂലൈ 25നാണ് പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്ന മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത്. സുകമാന്‍ മന്ദാവി എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബജ്‌റംഗ്ദര്‍ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണ നടത്തിയ ശേഷം ഇവരെ പോലീസിന് കൈമാറുകയായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുകയും ബഹളമാകുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിക്കുകയും ചെയ്തു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. കേരളത്തില്‍ ഇടതു നേതാക്കളും യുഡിഎഫും ബിജെപിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളെ നഴ്‌സിങ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് മുഖ്യമന്ത്രി വിഷ്ണു സായ് പറയുന്നത്. നാരായണ്‍പൂരില്‍ നിന്നുള്ള വ്യക്തിയാണ് ഇവരെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ വച്ച് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്. ഇവരെ ആഗ്രയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. മതപരിവര്‍ത്തനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസാണിത് എന്ന് തോന്നുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെ ഗുരുതരമായ കേസാണിത്. പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. കേസില്‍ അന്വേഷണം നടന്നുവരികയാണ്. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. എല്ലാ വിശ്വാസികളും സൗഹാര്‍ദത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സംഭവം. കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് നേതാക്കള്‍ ബിജെപിക്കെതിരെ രംഗത്തുവന്നു. ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് തെളിയിക്കുന്ന സംഭവമാണിത് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രീതി മേരിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
നിയമത്തിന്റെ ദുരുപയോഗമാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്നിരിക്കുന്നത് എന്ന് സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. ഛത്തീസ്ഗഡിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കാനുള്ള ആലോചനയിലാണ് കേരളത്തിലെ ബിജെപി.












Click it and Unblock the Notifications