ദുബായ്-ഹൈദരാബാദ് വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ അപമാനിക്കാന്‍ ശ്രമം; മലയാളി ടെക്കി അറസ്റ്റില്‍
ഹൈദരാബാദ്: വിമാനത്തില്‍ വച്ച് മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി ടെക്കി അറസ്റ്റില്‍. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ വച്ചാണ് മലയാളികള്‍ക്കാകെ നാണക്കേട് ഉണ്ടാകുന്ന സംഭവം ഉണ്ടായത്. എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയത് കൂടാതെ ഇയാള്‍ വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ കുറിപ്പ് വിമാനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി. ആദ്യം മറ്റു വിമാന ജീവനക്കാരെ അറിയിച്ച ശേഷം യുവതി ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കഴിഞ്ഞ 28 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിമാന യാത്രയ്ക്കിടെ സേവനങ്ങള്‍ നല്‍കുമ്പോഴാണ് എയര്‍ഹോസസിനെ മലയാളിയായ സോഫ്റ്റ്വെയര്‍ ജീവനക്കാരന്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. യാത്രക്കാരന്റെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

30 വയസ് പ്രായമുള്ള യാത്രക്കാരന്‍ മദ്യലഹരിയില്‍ ആയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം എയര്‍ഹോസ്റ്റസ് യാത്രക്കാരന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ക്യാപ്റ്റനെയും ഗ്രൗണ്ട് സ്റ്റാഫിനെയും വിവരം അറിയിച്ചു. വിമാനത്തിന്റെ ലാന്‍ഡിങ്ങിനു ശേഷം യാത്രക്കാരന്‍ തന്റെ പാസ്‌പോര്‍ട്ട് സീറ്റില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ക്രൂ അംഗങ്ങള്‍ പരിശോധിച്ചപ്പോള്‍, ക്രൂ അംഗങ്ങളെക്കുറിച്ച് അശ്ലീലവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തി.
എയര്‍ഹോസസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസ് ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാത്രക്കാരന്റെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ലൈംഗികമായി ഉപദ്രവിക്കല്‍, സ്ത്രീയുടെ മാനത്തെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications