യുഎഇയിലെ ഏഴ് ലക്ഷം രൂപ മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മലയാളി യുവാവ്: ഇപ്പോള്‍ ബെംഗളൂരുവില്‍
ബെംഗളൂരു: പ്രതിമാസം ഏഴ് ലക്ഷത്തിലധികം ശമ്പളമുള്ള ജോലി ഉപേക്ഷിക്കുക എന്നത് ഒരു ജീവനക്കാരനെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള തീരുമാനമല്ല. അതും പലരും സ്വപ്‌നം കാണുന്ന ഗള്‍ഫില്‍. യുഎഇയിലെ ഒരു വലിയ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലയാളിയായ യുവാവ് ആ ജോലി ഉപേക്ഷിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. പ്രതിവര്‍ഷം ഏകദേശം 20 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അദ്ദേഹം ബെംഗളൂരുവിലേക്കു മടങ്ങുകയും ചെയ്തു.
ഇപ്പോള്‍ ബെംഗളൂരുവിലെ ഗൂഗിളില്‍ യുഎക്‌സ് ഡിസൈനറായി ജോലി ചെയ്യുന്ന അഡ്വിന്‍ നെറ്റോയാണ് അബുദാബിയിലെ ആരും കൊതിക്കുന്ന ജോലി ഉപേക്ഷിച്ചതിന്റെ കാരണം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ കുറിപ്പ് വേഗം വൈറലാകുകയും ചെയ്തു. ഇന്ത്യയില്‍ ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്ത അഡ്വിന് അബുദാബിയിലെ ക്ലോക്ക് അടിസ്ഥാനമാക്കിയുള്ള ജോലിയുടെ സ്വഭാവവും തന്റെ ജീവിത ശൈലിയും പരസ്പരം ഇണങ്ങുന്നില്ലെന്ന് വേഗം മനസിലാക്കി. പ്രവാസികളായ നിരവധി പേര്‍ അഡ്വിന്റെ അഭിപ്രായത്തോടു യോജിച്ചു.

കുറിപ്പ് ഇങ്ങനെ: യുഎഇ ജോബ് വിസ ലഭിക്കാന്‍ അഞ്ച് മാസമാണ് എടുത്തത്. എന്നാല്‍ ആ സ്ഥലം എനിക്ക് അനുയോജ്യമല്ലെന്ന് തിരിച്ചറിയാന്‍ മൂന്ന് മാസം കൊണ്ടു കഴിഞ്ഞു. കര്‍ശനമായ ജോലി സമയവും വേണ്ടത്ര വികസിച്ചിട്ടില്ലാത്ത സാങ്കേതിക പരിസ്ഥിതിയും നല്ല നേതൃത്വത്തിന്റെ അഭാവവുമൊക്കെ ജോലി വിടാനുള്ള കാരണങ്ങളാണ്.
'കൂടുതല്‍ ചിന്തിച്ചപ്പോള്‍ തിരിച്ചറിഞ്ഞു; പണത്തിന് പ്രാധാന്യമുണ്ട്, പക്ഷേ അത് എല്ലാമല്ല. അങ്ങനെ, ഞാന്‍ ഇന്ത്യയിലേക്കു മടങ്ങി. എങ്കിലും യുഎഇയുടെ ഗുണങ്ങളും അഡ്വിന്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. അവിശ്വസനീയമായ ഒരു നാടാണത്. അഭിലാഷങ്ങള്‍, അവസരങ്ങള്‍, സുരക്ഷ, നല്ല ഭക്ഷണം എന്നിവയാല്‍ സമ്പന്നമായ നാട്... സത്യം പറഞ്ഞാല്‍, ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഭക്ഷണം കഴിച്ചിട്ടുള്ളത് യുഎഇയിലാണ്' - അഡ്വിന്‍ കുറിച്ചു.
യുഎഇ വിടുന്നതിനു പകരം അദ്ദേഹം കമ്പനികള്‍ മാറാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചു. എന്നാല്‍ വലിയ കമ്പനികളില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍, അവര്‍ അതിലും കഠിനമായ സാഹചര്യങ്ങളാണ് നേരിടുന്നതെന്ന് പറഞ്ഞു.
അഡ്വിന്‍ നെറ്റോയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയും മറ്റ് പ്രവാസികളെയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ചുള്ള അഡ്വിന്റെ അഭിപ്രായങ്ങളോട് നിരവധി പേരാണ് യോജിച്ചത്.
ഒരു വ്യക്തി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: അബുദാബിയില്‍ ആഴ്ചയില്‍ ആറ് ദിവസം, രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു മണി വരെയാണ് ജോലി ചെയ്തിരുന്നത്. ഇതിനിടയില്‍ മൂന്നു മണിക്കൂര്‍ ഉച്ചഭക്ഷണത്തിന് ഇടവേള ലഭിക്കും. കരാറുള്ളതിനാല്‍ ജോലി ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അത്രയും കാലം അവിടെ താമസിക്കേണ്ടി വന്നു. പിന്നീട് ജോലി ഉപേക്ഷിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും അവിടെ താമസിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല.
അതേസമയം, ഇന്ത്യയില്‍ തിരിച്ചെത്തിയ ആലപ്പുഴക്കാരന്‍ അഡ്വിന് നിരാശപ്പെടേണ്ടി വന്നില്ല.
ടെക്കികളുടെ സ്വപ്‌നവും ലക്ഷ്യവുമായ ഗൂഗിളിലാണ് അഡ്വിന് ഇപ്പോള്‍ ജോലി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ആനിമേഷനിലും ഗ്രാഫിക് ഡിസൈനിലും ബിഎ ബിരുദമെടുത്ത ശേഷം 2008-ലാണ് വെബ് ഡിസൈനറായി കരിയര്‍ ആരംഭിച്ചത്.












Click it and Unblock the Notifications