പുരുഷ സൂപ്പര്‍ സ്റ്റാറുകളുടെ ഷിഫ്റ്റ് 8 മണിക്കൂര്‍ മാത്രം; ദീപികയുടെ ഒളിയമ്പ് ആര്‍ക്കു നേരെ ? പുതിയ വിവാദം
ബോളിവുഡിലെ താര റാണിയായ ദീപിക പദുകോണ്‍ അമ്മയായ ശേഷം വിവാദങ്ങളുടെ നടുവിലാണ്. അടുത്തിടെ ചില വമ്പന്‍ പ്രോജക്ടുകളില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുമായി ഉണ്ടായ അസ്വാരസ്യങ്ങളാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ജോലി സമയം സംബന്ധിച്ചും കുഞ്ഞിനു വേണ്ടിയും ദീപിക മുന്നോട്ടുവച്ച ചില നിബന്ധനകളാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.
തര്‍ക്കങ്ങളില്‍ ഇരു കൂട്ടരും വിട്ടുവീഴ്ച ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് ദീപികയെ പ്രോജക്ടുകളില്‍ നിന്ന് ഒഴിവാക്കുന്നതു വരെയെത്തി കാര്യങ്ങള്‍. എട്ടു മണിക്കൂര്‍ ഷിഫ്റ്റ് ഉള്‍പ്പെടെ ദീപിക മുന്നോട്ടുവച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. ഇതേ തുടര്‍ന്ന് സന്ദീപ് റെഡ്ഡി വംഗയുടെ സ്പിരിറ്റ്, നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി സീക്വല്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിന്ന് ദീപിക പദുകോണിനെ പുറത്താക്കിയിരുന്നു. എട്ടു മണിക്കൂര്‍ ഷിഫ്റ്റ്, ഉയര്‍ന്ന പ്രതിഫലം, ലാഭം പങ്കിടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദീപിക മുന്നോട്ടുവച്ചെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വാദം.

25 കോടിയുടെ പ്രതിഫലത്തിന് പുറമേ തന്നോടൊപ്പം സെറ്റില്‍ വരുന്ന 25 അംഗ സംഘത്തിനുള്ള ചെലവ് വഹിക്കണമെന്നും ദീപിക ആവശ്യപ്പെട്ടതായാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
ഈ വിവാദങ്ങളില്‍ എല്ലാം നിര്‍മ്മാതാവിന്റെ ഭാഗം മാത്രമാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ദീപിക മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ മറുപടിയുമായാണ് ദീപിക രംഗത്തെത്തിയത്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ തുറന്നുപറച്ചില്‍. എത്ര വലിയ താരം ആണെങ്കിലും നടികള്‍ നേരിടുന്ന വിവേചനമാണ് ദീപിക ചൂണ്ടിക്കാട്ടിയത്
ബോളിവുഡിലെ പുരുഷ സൂപ്പര്‍ സ്റ്റാറുകളെ ലക്ഷ്യം വെച്ചുള്ള ദീപികയുടെ തുറന്നുപറച്ചില്‍ ബോളിവുഡില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. പുരുഷ സൂപ്പര്‍സ്റ്റാറുകള്‍ വര്‍ഷങ്ങളായി എട്ടു മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും അതൊന്നും ഒരിക്കലും വാര്‍ത്തകളില്‍ വരാറില്ലെന്നും ദീപിക പറഞ്ഞു.
ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ നിരവധി സൂപ്പര്‍ സ്റ്റാറുകള്‍ പ്രത്യേകിച്ച് പുരുഷ സൂപ്പര്‍ സ്റ്റാറുകള്‍ വര്‍ഷങ്ങളായി എട്ടു മണിക്കൂറാണ് ജോലി ചെയ്യുന്നത്. പേരുകള്‍ എടുത്തുപറഞ്ഞ് ഇതിനെ ഒരു വിവാദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ നിരവധി പുരുഷ താരങ്ങള്‍ വര്‍ഷങ്ങളായി ദിവസം എട്ടു മണിക്കൂറാണ് ജോലി ചെയ്യുന്നതെന്ന് ബോളിവുഡിലെ പരസ്യമായി രഹസ്യമാണ്. അവരില്‍ പലരും തിങ്കള്‍ മുതല്‍ വെള്ളി വരെ എട്ടു മണിക്കൂറാണ് ജോലി ചെയ്യുന്നത്. വാരാന്ത്യങ്ങളില്‍ ജോലി ചെയ്യുന്നുമില്ല.
ഇന്ത്യന്‍ സിനിമയെ ഒരു വ്യവസായം എന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ഇത് ഒരിക്കലും ഒരു വ്യവസായം പോലെ പ്രവര്‍ത്തിച്ചിട്ടില്ല. ഇത് ക്രമരഹിതമായ ഒരു വ്യവസായം ആണെന്നും ഈ സംസ്‌കാരത്തിലേക്ക് നമ്മള്‍ ചില പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരേണ്ട സമയമാണിതെന്നും ദീപിക പറഞ്ഞു.
മകള്‍ ദുവയോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് ദീപിക ഷൂട്ടിങ് സമയം എട്ടു മണിക്കൂറായി കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. കല്‍ക്കിയില്‍ നിന്ന് പിന്മാറിയ ശേഷം ദീപിക മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. സിദ്ധാര്‍ത്ഥ ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങില്‍ ഷാരൂഖ് ഖാന്‍, സുഹാന ഖാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. അല്ലു അര്‍ജുനൊപ്പം ആറ്റ്ലിയുടെ വരാനിരിക്കുന്ന AA22xA6 എന്ന ചിത്രത്തിലും ദീപിക അഭിനയിക്കുന്നുണ്ട്.












Click it and Unblock the Notifications