കേന്ദ്ര ഓർഡിനെൻസിനെതിരായ പ്രതിഷേധം; ആം ആദ്മിയുടെ ഭീഷണിക്ക് മറുപടിയുമായി കോൺഗ്രസ്
ഡൽഹി: കേന്ദ്ര ഓർഡിനെൻസിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ വിശാല പ്രതിപക്ഷ യോഗത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന ആം ആദ്മി പാർട്ടിയുടെ ഭീഷണിക്ക് മറുപടിയുമായി കോൺഗ്രസ്. ഇത്തരം വിഷയങ്ങളിൽ പാർലമെന്റ് സമ്മേളനങ്ങൾ ചേരുന്നതിന് മുൻപാണ് തീരുമാനം എടുക്കുകയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഈ വിഷയം ചർച്ചയാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'വിവാദ ഓർഡിനൻസിനെ എതിർക്കുന്നതും പിന്തുണയ്ക്കുന്നതുമെല്ലാം പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ്. സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഏതൊക്കെ വിഷയങ്ങളിൽ യോജിച്ച് മുന്നോട്ട് പോകണമെന്നത് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്യും. അവർക്ക് അത് അറിയാം. ആം ആദ്മി നേതാക്കളും പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്തിനാണ് ഇപ്പോൾ ഈ വിഷയത്തിൽ ഇതിനെക്കുറിച്ച് ഇത്രയധികം പ്രചരണം നടത്തുന്നതെന്ന് അറിയില്ല', ഖാർഗെ പറഞ്ഞു.

ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്നതാണ് തങ്ങളുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. 'എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, യോഗത്തിൽ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ് സമവായത്തിലെത്തും', ഖാർഗെ വ്യക്തമാക്കി. വിശാലപ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഖാർഗെയുടെ പ്രതികരണം.
ഡൽഹിയുടെ ഭരണപരമായ സേവനങ്ങൾ പുനക്രമീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വിവാദ ഓർഡിനെൻസിനെതിരായ പോരാട്ടത്തിൽ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് കത്തയച്ചിരുന്നു. ഓർഡിനൻസുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്തുന്നതിനെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യണമെന്നായിരുന്നു കെജരിവാൾ കത്തിൽ ആവശ്യപ്പെട്ടത്.
ഓർഡിനൻസിന് പകരമായുള്ള ബിൽ രാജ്യസഭയിൽ പരാജയപ്പെടുത്താൻ എഎപിക്ക് മറ്റ് പ്രതിപക്ഷ പാർടികളുടെ പിന്തുണ ആവശ്യമാണ്. വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കത്തതിൽ കോൺഗ്രസിനെതിരെ ആം ആദ്മിക്ക് കടുത്ത എതിർപ്പ് ഉണ്ട്. രാജ്യസഭയിൽ കോൺഗ്രസിന് 31 അംഗങ്ങളാണ് ഉള്ളതത്. ആം ആദ്മിയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകുന്നതിൽ അടിസ്ഥാനമില്ലെന്നാണ് ആം ആദ്മി നിലപാട്.
അതേസമയം പാട്നയിൽ ഇന്ന് ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിലേക്ക് വിവിധ പാർട്ടി നേതാക്കൾ എത്തി തുടങ്ങി. രാവിലെ 11നാണ് യോഗം. 18 പാർട്ടികളുടെ നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് പ്രതിപക്ഷ കക്ഷികൾ ഇത്തരത്തിൽ ബിജെപിക്കെതിരെ ഒത്തുകൂടുന്നത്. ഇന്നത്തെ യോഗത്തിൽ രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കേണ്ടുന്നതിനാലാണ് വിട്ട് നിൽക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം ബി എസ് പി നേതാവ് മായാവതിയെ യോഗത്തിലേക്ക് ക്ഷണിക്കാത്തത്തതിനെ തുടർന്നാണ് ആർഎൽഡി യോഗത്തിൽ നിന്നും വിട്ട് നിൽക്കുന്നതെന്ന് സൂചനയുണ്ട്. ബി ആർ എസും യോഗത്തിൽ പങ്കെടുക്കില്ല. കോൺഗ്രസുമായി സഹകരിക്കാനില്ലെന്ന് നേരത്തേ തന്നെ ചന്ദ്രശേഖര റാവു വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications