ചെങ്കോട്ടയില്‍ മോദിയുടെ പ്രസംഗം: ക്ഷണിച്ചിട്ടും വരാതെ ഖാര്‍ഗെ; മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് പ്രശംസ
ന്യൂഡല്‍ഹി: രാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം ശക്തമാകുന്നു. മോദിയുടെ പ്രസംഗത്തിന് വേദിയായ ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചെങ്കിലും അദ്ദേഹം വന്നിട്ടില്ല. അദ്ദേഹം വിട്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിലുപരി ശക്തമായ സന്ദേശമാണ് അദ്ദേഹം ഇന്ന് ബിജെപിക്ക് നല്‍കിയത്.
മുന്‍ പ്രധാനമന്ത്രിമാരെ അനുസ്മരിച്ചാണ് ഖാര്‍ഗെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരെഴുതിയ കസേര ഒഴിഞ്ഞു കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന് സുഖമില്ലാതിരുന്നത് കൊണ്ടാണ് വരാതിരുന്നതെന്നാണ കോണ്‍ഗ്രസ് ഇതിന് കാരണമായി വിശദീകരിച്ചിരിക്കുന്നത്. അതേസമയം സ്വാതന്ത്ര്യദിനത്തില്‍ വീഡിയോയിലൂടെ അദ്ദേഹം ആശംസ അറിയിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളായ മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്ര ബോസ്, മൗലാന ആസാദ്, രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, ബിആര്‍ അംബേദ്കര്‍ എന്നിവരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെ പ്രത്യേകമായി ഖാര്‍ഗെ അനുസ്മരിപ്പിച്ചു.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, രാജീവ് ഗാന്ധി, പിവി നരസിംഹ റാവു, മന്‍മോഹന്‍ സിംഗ്, എന്നിവരുടെ നേട്ടങ്ങളും അദ്ദേഹം എടുത്ത് പറഞ്ഞു. ഒപ്പം ബിജെപിയുടെ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയെയും ഖാര്‍ഗെ അനുസ്മരിച്ചു.എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്തവരാണ്. എന്നാല്‍ ഇന്ന് ചിലര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് രാജ്യം പുരോഗതി നേടിയതെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ഖാര്‍ഗെ പറഞ്ഞു.
അടല്‍ ബിഹാരി വാജ്‌പേയ് അടക്കം എല്ലാ പ്രധാനമന്ത്രിമാരും രാജ്യത്തിന്റെ വികസനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് ജനാധിപത്യം, ഭരണഘടന, ഭരണഘടനാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഭീഷണി നേരിടുകയാണെന്ന് വളരെ വേദനയോടെയാണ് ഞാന്‍ പറയുന്നത്. പുതിയ മാര്‍ഗങ്ങല്‍ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നോക്കുകയാണ്. സിബിഐ, ഇഡി, ആദായ നികുതി റെയ്ഡുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെല്ലാം ദുര്‍ബലമായിരിക്കുകയാണ്.
പ്രതിപക്ഷ എംപിമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നു. അവരുടെ മൈക്കുകള്‍ പാര്‍ലമെന്റില്‍ നിശബ്ദമാക്കുന്നു, പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. ഇന്ത്യയെ സ്വയം പര്യാപത്മാക്കിയത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും, ഇന്ദിര ഗാന്ധിയുടെയും നയങ്ങളാണ്. മഹാന്മാരായ നേതാക്കള്‍ ഒരിക്കലും പഴയ ചരിത്രം മായ്ച്ച്, പുതിയതുണ്ടാക്കാന്‍ നോക്കില്ല. അവര്‍ എല്ലാത്തിന്റെയും പേരുകള്‍ മാറ്റിയെഴുതുകയാണ്.
അടിസ്ഥാന സൗകര്യ പദ്ധതികള്‍ അടക്കം അതില്‍ വരും. ഏകാധിപത്യത്തിലൂടെ അവര്‍ ജനാധിപത്യത്തെ വലിച്ച് കീറുകയാണ്. രാജ്യത്ത് സമാധാനം കൊണ്ടുവന്ന പഴയ നിയമങ്ങളുടെ പേരുമാറ്റുകയാണ്. ആദ്യം അച്ഛേ ദിന്‍ വന്നു, പിന്നീടത് ന്യൂ ഇന്ത്യയായി, ഇപ്പോഴത് അമൃത്കാല്‍ ആണ്. അവരുടെ വീഴ്ച്ചകള്‍ മറയ്ക്കാനായിട്ടാണോ പേരുമാറ്റുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.












Click it and Unblock the Notifications