ഇരട്ടപദവിയില്‍ കോണ്‍ഗ്രസിന് യൂടേണ്‍? രാജ്യസഭാ പ്രതിപക്ഷ നേതാവായി ഖാര്‍ഗെ തന്നെയെന്ന് സൂചന
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തുടരും. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയായിരിക്കും പ്രതിപക്ഷ നേതാവ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പകരക്കാരനെ കോണ്‍ഗ്രസിന് നിശ്ചയിക്കാനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നതാണ്. കോണ്‍ഗ്രസിനുള്ളില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഖാര്‍ഗെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരട്ടെ എന്ന നിലപാടിലാണ് ഹൈക്കമാന്റ് എന്നാണ് അറിയാന്‍ കഴിയുന്നത്.

മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നാളെ പാര്‍ലമെന്ററികാര്യ സമിതി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നേരത്തെ രാജ്യസഭ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്ക് എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ രൂപം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

നാളത്തെ സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കെ സി വേണുഗോപാല്‍ എന്നിവരെ മാത്രമേ രാജ്യസഭയില്‍ നിന്ന് വിളിച്ചിട്ടുള്ളൂ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഖാര്‍ഗെക്ക് പകരം രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്ന ദിഗ്വിജയ സിംഗിനെയും പി ചിദംബരത്തെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടര്‍ന്നാല്‍ അശോക് ഗെലോട്ടിന്റെ വിഷയം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞ ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തിന്റെ വിപരീതമായിരിക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് നേരത്തെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നല്‍കിയിരുന്നത്. ചിന്തന്‍ ശിബിരിലാണ് ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം കോണ്‍ഗ്രസ് അംഗീകരിച്ചത്.

ഇതിന് പിന്നാലെ ആണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജി വെക്കുന്നതായി അറിയിച്ചത്. അതേസമയം പാര്‍ലമെന്റിന്റെ ഹ്രസ്വകാല സമ്മേളനം കഴിഞ്ഞാല്‍ പുതിയ പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ് തെരഞ്ഞെടുത്തേക്കും. കോണ്‍ഗ്രസിനുള്ളില്‍ ഇരട്ടപദവി വിഷയം വരുന്ന വേറെയും നേതാക്കള്‍ ഉണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ലോക്സഭയിലെ പ്രതിപക്ഷ നേതാവായ അധിരഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ കൂടിയാണ്. ജയറാം രമേഷ് രാജ്യസഭാ ചീഫ് വിപ്പും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് മേധാവിയുമാണ്. ഫെബ്രുവരിയില്‍ നടന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിറില്‍ കൈക്കൊണ്ട പ്രതിജ്ഞാബദ്ധമായ നയത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കും എന്നായിരുന്നു ്‌സെപ്റ്റംബറില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്.












Click it and Unblock the Notifications