പോലീസുകാര്‍ക്ക് മുമ്പില്‍ വച്ച് വീടുകള്‍ കൊള്ളയടിക്കുന്നു; ബലാല്‍സംഗ ഭീഷണി, മമത കോടതിയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷക വേഷത്തില്‍ ഹാജരായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച ശേഷം സംസ്ഥാനത്ത് വ്യാപക അക്രമം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് മമത ഹാജരായത്. അഭിഭാഷകയാണെങ്കിലും ആ വേഷത്തില്‍ മമത ഹൈക്കോടതിയില്‍ എത്തുന്നത് ആദ്യമാണ്. അടുത്തിടെ സുപ്രീംകോടതിയിലും മമത അഭിഭാഷക വേഷത്തില്‍ ഹാജരായിരുന്നു.
സംസ്ഥാനത്ത് വ്യാപകമായ അക്രമം നടക്കുന്നു. കുട്ടികള്‍, സ്ത്രീകള്‍, ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ എന്നിവരെ ആസൂത്രിതമായി ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ എന്ന് മമത പറഞ്ഞു. ബംഗാളിലെ ജനങ്ങളെ സംരക്ഷിക്കാന്‍ കോടതി തയ്യാറാകണം എന്ന് മമത ആവശ്യപ്പെട്ടു. പരാതികളില്‍ പോലീസ് കേസെടുക്കുന്നില്ലെന്നും അവര്‍ ബോധിപ്പിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടക്കുന്നു. പാര്‍ട്ടി ഓഫീസുകളും വീടുകളും കൊള്ളയടിക്കുകയാണ്. പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇതെല്ലാം. പോലീസ് ഇടപെടുന്നില്ല. പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും മമത ബോധിപ്പിച്ചു. അഭിഭാഷക എന്ന നിലയില്‍ ആദ്യമായിട്ടാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും മമത വിശദീകരിച്ചു.
ആക്രമണം നടന്നതിന്റെ തെളിവായി മമത നിരവധി ചിത്രങ്ങള്‍ കോടതിയില്‍ ഹാജരാക്കി. പത്ത് പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതില്‍ ആറുപേര്‍ ഹിന്ദുക്കളാണ്. ഇടപെടാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. തന്റെ കുടുംബത്തിലെ 12 വയസുള്ള പെണ്‍കുട്ടിയോട് ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്നും മമത കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സുജോയ് പോള്‍, ജസ്റ്റിസ് പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബന്ദോപാധ്യായയുടെ മകന്‍ സിര്‍സന്യ ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് മമത ഹാജരായത്. മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിക്കൊപ്പമാണ് മമത കോടതിയില്‍ എത്തിയത്. 2021ല്‍ തിരഞ്ഞെടുപ്പിന് ശേഷം അക്രമം നടന്നപ്പോള്‍ അഞ്ചംഗ ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് നിയോഗിച്ചിരുന്നു. അന്ന് നടന്നതിനേക്കാള്‍ ക്രൂരമായ അക്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നു കല്യാണ്‍ ബാനര്‍ജി ചൂണ്ടിക്കാട്ടി.
1995ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തതാണെങ്കിലും, തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വം കൃത്യമായി പുതുക്കാറുണ്ടെന്നും മമത ഡിവിഷന്‍ ബെഞ്ചിനെ ബോധ്യപ്പെടുത്തി. നടപടികള്‍ക്ക് ശേഷം മടങ്ങുന്നതിനിടെ കോടതി വളപ്പ് നാടകീയമായ രംഗങ്ങള്‍ക്കു സാക്ഷ്യംവഹിച്ചു. ബി.ജെ.പി അനുകൂലികളായ അഭിഭാഷകര്‍ മമത ബാനര്‍ജിയെ കള്ളന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു.
മുന്‍മുഖ്യമന്ത്രിക്ക് കോടതി വളപ്പില്‍ ഉണ്ടായ അനുഭവം ഇതാണെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂവെന്ന് കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചു. അതേസമയം, മമതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ധീരജ് ത്രിവേദി വാദിച്ചു.













Click it and Unblock the Notifications