നിങ്ങൾ വ്യാജ ഹൈന്ദവ ഇറക്കുമതി ചെയ്യുകയാണ്; സുവേന്ദുവിന് മറുപടിയുമായി മമത ബാനർജി
ഡൽഹി: സുവേന്ദു അധികാരിയുടെ മുസ്ലിം എം എൽ എമാരെക്കുറിച്ചുള്ള പരാമർശകത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താനൊരു ഹിന്ദുവാണെന്നും അത് തെളിയിക്കാൻ ബി ജെ പിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലേക്ക് വ്യാജ ഹിന്ദുമതം ഇറക്കുമതി ചെയ്യുകയാണ് ബി ജെ പി എന്നും മമത ആരോപിച്ചു.
' നിങ്ങളുടെ ഇറക്കുമതി ചെയ്ത ഹൈന്ദവതയ്ക്ക് നമ്മുടെ പുരാതന വേദങ്ങളുടെയോ സന്യാസിമാരുടെയോ പിന്തുണയില്ല. നിങ്ങൾ വ്യാജ ഹൈന്ദവ ഇറക്കുമതി ചെയ്യുകയാണ്. നിങ്ങൾ എന്ത്പ കൊണ്ടാണ് മുസ്ലിങ്ങളെ സ്ഥാനാർത്ഥിയാക്കാത്തത്. കറുപ്പ് ധരിക്കണോ എന്നത് നിങ്ങളുടെ തീരുമാനമാണ്. ഇരുട്ടിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. പക്ഷേ ഞങ്ങൾ രാജ്യത്തെ ഭിന്നിപ്പിക്കില്ല. മമത പറഞ്ഞു.

മുസ്ലിങ്ങളെ സഭയ്ക്ക് പുറത്താക്കുമെന്ന് സുവേന്ദു അധികാരിക്ക് എങ്ങനെ പറയാൻ കഴിയുമെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എന്ത് കൊണ്ട് തനിക്ക് മറുപടി നൽകിക്കൂടാ എന്നും മമത ചോദിച്ചു. മതത്തിന്റെ പേരിൽ കള്ളം പറയരുത് എന്നും മമത പറഞ്ഞു.
ബംഗാളിൽ ഞങ്ങൾ പൂജ അനുവദിക്കുന്നില്ലെന്ന് നിങ്ങൾ നുണ പറയുന്നു. ഞങ്ങൾക്ക് ഇവിടെ വിവേചനം ഇല്ല. ഞങ്ങൾ രക്തം ദാനം ചെയ്യാറുണ്ട്. അത് പേരിന്റെ അടിസ്ഥാനത്തിലല്ല. മാനവികതയാണ് ഏറ്റവും വലിയ മതം, എല്ലാ മതവും സംസാരിക്കുന്നത് മാനവികതയെ കുറിച്ചാണ്. മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാവരെയും സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഹിന്ദു കാർഡ് വെച്ച് കളിക്കരുത്, മമത പറഞ്ഞു.
മമത ബാനർജിയുടെ വ്യാജ ഹിന്ദുത്വ പരാമർശത്തിൽ പ്രതിഷേധിച്ച് ബി ജെ പി എം എൽ എമാർ പശ്ചിമ ബംഗാൾ നിയസഭയിൽ നിന്ന് വാക്കൗട്ട് നടത്തി. ബി ജെ പി ചീഫ് വിപ്പ് ശങ്കർ ഘോഷിന്റെ നേതൃത്വത്തിൽ 25 ഓളം ബി ജെ പി നിയമസഭാംഗങ്ങളും നിയമസഭയുടെ പ്രധാന ഗേറ്റിന് പുറത്ത് പ്രകടനം നടത്തി.
പശ്ചിമ ബംഗാളിൽ ബി ജെ പി അധികാരത്തിലെത്തിയാൽ മുസ്ലിം എം എൽ എമാരെ നിയമസഭയിൽ നിന്നും പുറത്താക്കുമെന്നായിരുന്നു സുവേന്ദു പറഞ്ഞത്. മുസ്ലിം ലീഗിന്റെ മറ്റൊരു പതിപ്പാണ് മമത സർക്കാരെന്നും മമതയുടെ വർഗീയ ഭരണകൂടത്തെ ബംഗാളിലെ ജനങ്ങൾ തോൽപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. സുവേന്ദുവിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications