'അവർ പെഗാസസ് വാഗ്ദാനം ചെയ്ത് വന്നിരുന്നു'; 'ഞാൻ സേവനം നിരസിച്ചു'; മമത ബാനർജി
ഡൽഹി: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വിഷയത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇസ്രായേലി സ്പൈവെയർ പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സർക്കാറിനും ലഭിച്ചിരുന്നു. എന്നാല്‍ അവരുടെ സേവനം നിരസിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെ രഹസ്യമായി പിന്തുടരാൻ സ്‌പൈവെയർ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. എന്‍.എസ്.ഒ. ഗ്രൂപ്പ് നാല്-അഞ്ചു വര്‍ഷം മുന്‍പ്, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വില്‍ക്കാനായി പശ്ചിമ ബംഗാള്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയിരുന്നു.

25 കോടി രൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ താന്‍ അത് നിരസിച്ചു - മമത വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്‌പൈവെയർ ഉപയോഗിക്കുന്നതിന് പകരം, രാഷ്ട്രീയ കാരണങ്ങൾക്കായി കേന്ദ്ര സർക്കാർ ഇത് ഉപയോഗിച്ചു എന്നും ബാനർജി ആരോപിച്ചു. തന്റെ സർക്കാരിന് പെഗാസസ് സ്പൈവെയർ വാഗ്ദാനം ചെയ്തതായി ബംഗാൾ മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയിലാണ് വെളിപ്പെടുത്തൽ നടത്തിയത്.
ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായിഡുവിന്റെ സർക്കാരിന്റെ കാലത്ത് ഈ സ്പൈവെയർ വാങ്ങിയിരുന്നതായി മമത പറഞ്ഞിരുന്നു. എന്നാൽ സ്പൈവെയർ വാങ്ങി എന്ന വാദങ്ങളെ തെലുങ്കുദേശം പാർട്ടി തള്ളി കളഞ്ഞിരുന്നു. "ഞങ്ങൾ ഒരു സ്പൈവെയറും വാങ്ങിയിട്ടില്ല. ഞങ്ങൾ ഒരിക്കലും അനധികൃത ഫോൺ ചോർത്തലുകളിൽ ഏർപ്പെട്ടിട്ടില്ല," തെലുങ്കുദേശം പാർട്ടി ജനറൽ സെക്രട്ടറി നാരാ ലോകേഷ് പറഞ്ഞു.
അതേസമയം, പെഗാസസ് സ്പൈവെയർ വിതരണം ചെയ്യുന്ന എൻ എസ് ഒ യുടെ ചോർന്ന ഡാറ്റാബേസിൽ ഇന്ത്യയിൽ നിന്നുള്ള 300 ഫോണുകൾ ടാർഗെറ്റുകളുടെ സാധ്യത പട്ടികയിലുണ്ടെന്ന റിപ്പോർട്ട് 2019 ൽ പുറത്ത് വന്നിരുന്നു. എന്നാൽ എല്ലാ ഫോണുകളും ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. രാഹുൽ ഗാന്ധി, സുപ്രീം കോടതി ജഡ്ജിമാർ, മന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഫോൺ ചോർത്തൽ പട്ടികയിലുണ്ടായിരുന്നു.
എന്നാൽ, ഇത്തരത്തിൽ തന്റെ ഫോൺ ചോർത്തുന്നതായി കഴിഞ്ഞ ദിവസം മമതാ ബാനർജി ആരോപിച്ചിരുന്നു. "എന്റെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നുണ്ട്. നമ്മൾ എന്തെങ്കിലും സംസാരിച്ചാൽ അവർ അറിയും. മൂന്ന് വർഷം മുമ്പ് എനിക്കും പെഗാസസ് വാങ്ങാൻ ഒരു ഓഫർ വന്നിരുന്നു. പക്ഷേ ഞാൻ അത് വാങ്ങിയില്ല. സ്വകാര്യതയിൽ ഇടപെടുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെഗാസസ് വാങ്ങിയിരുന്നു," മമത വ്യക്തമാക്കി.












Click it and Unblock the Notifications