പെട്രോള്‍ വില വര്‍ധന: ഇലക്ട്രിക് സ്കൂട്ടറില്‍ സഞ്ചരിച്ച് പ്രതിഷേധിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യത്ത് അടിക്കടി ഉയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ പ്രതിഷേധിച്ച് ഇലക്ട്രിക് സ്കൂട്ടറില്‍ യാത്ര നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മന്ത്രി ഫിർഹാദ് ഹക്കീമിന്റെ പിന്നിൽ ഇലക്ട്രിക് സ്കൂട്ടറില്‍ സഞ്ചരിച്ചുകൊണ്ട് മമത ബാനര്‍ജി പ്രതിഷേധം അറിയിച്ചത്. ഹസ്ര മോറിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള അഞ്ച് കിലോമീറ്റർ ദൂരമായിരുന്നു മമത ബാനര്‍ജിയുടെ ഇലക്ട്രിക് സ്കൂട്ടര്‍ യാത്ര.
സെക്രട്ടറിയേറ്റില്‍ എത്തിയതിന് പിന്നാലെ കേന്ദ്രത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ബാനര്‍ജി നടത്തിയത്. "ഇന്ധന വിലവർധനയിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. മോദി സർക്കാർ ജനങ്ങള്‍ ദിവസം തോറും തെറ്റായ വാഗ്ദാനങ്ങൾ നൽകുകയാണ്. ഇന്ധന വില കുറയ്ക്കാൻ അവർ ഒന്നും ചെയ്തിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതല്‍ ഇന്നേവരോയുള്ള പെട്രോൾ വിലയിലെ വ്യത്യാസം നിങ്ങൾക്ക് കാണാൻ കഴിയുമെന്നും മമത ബാനര്‍ജി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യം വിൽക്കുകയാണ്. കേന്ദ്രത്തില്‍ ഉള്ളത് ജനവിരുദ്ധ സർക്കാരാണെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 91.12 രൂപയായും ലിറ്ററിന് 84.20 രൂപയായും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പെട്രോള്‍ വില വര്‍ധനവില്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം