'പ്രധാനമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യണം'; അഴിമതി അറസ്റ്റില്‍ കുപിതയായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബധ്യോപാധ്യായയെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. റോസ് വാലി ചിറ്റ് ഫണ്ട് കേസുമായി ബന്ധപ്പെട്ടാണ് മമതാ ബാനര്‍ജി മന്ത്രിസഭയിലെ മന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണ് അറസ്റ്റിന് പിന്നിലെന്ന് മമത ആരോപിച്ചു.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ രാഷ്ട്രീയം ഇനിയും മനസിലായിട്ടില്ല. അറസ്റ്റിനുശേഷം ഞങ്ങള്‍ പ്രതിഷേധിക്കില്ലെന്നാണ് പ്രധാനമന്ത്രി കരുതിയതെങ്കില്‍ അദ്ദേഹത്തിന് തെറ്റി. കോടതിയില്‍ നിന്നും നീതി തേടിയെടുക്കുമെന്നും മമത വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിഷേധം ഒതുക്കാമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. രാഷ്ട്രീയ പാര്‍ട്ടികളെ ഭയപ്പെടുത്തി ഒതുക്കാമെന്ന് പ്രധാനമന്ത്രി കരുതേണ്ട. ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. കടുത്ത പ്രതിഷേധത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ജനങ്ങളെ തെരുവില്‍ അണിനിരത്തും. കറന്‍സി നിരോധനത്തിനെതിരെ കൊല്‍ക്കത്തയിലെ ആര്‍ബിഐ ഓഫീസിനു മുന്നില്‍ ജനുവരി 9നും, ദില്ലിയില്‍ 10നും 11നും സമരവുമായി എത്തുമെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications